ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍. കഴിഞ്ഞ രണ്ട് ദിവസം മാത്രം മൂന്ന് കുട്ടികള്‍ കൂടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ഡിസംബര്‍ മുതലുള്ള ആകെ മരണനിരക്ക് 103 ആയി. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, ശിശുമരണം 103 കടന്ന ജെകെ ലോണ്‍ ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തുന്ന സംസ്ഥാന ആരോഗ്യ മന്ത്രി രഘു ശര്‍മ്മയെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച പരവതാനി വിരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നൂറില്‍പരം നവജാതശിശുക്കള്‍ മരിച്ചിട്ടും നിശ്ശബ്ദത തുടരുന്ന സോണിയയേയും പ്രിയങ്കയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഎസ്പി നേതാവ് മായാവതിയും കടന്നാക്രമിച്ചിരുന്നു. ഇതിന് ശേഷം മാത്രമാണ് സംഭവത്തില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തോടും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോടും വിശദീകരണം തേടാന്‍ പോലും സോണിയ തയാറായത്.
ഇന്നലെ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനു പകരം കോട്ടയില്‍ ഓരോ ദിവസവുംമരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം ശ്രദ്ധിക്കൂ എന്നാണ് ഗെഹ്‌ലോട്ടിനോടായി അമിത് ഷാ പറഞ്ഞത്. അമ്മമാര്‍ നിങ്ങളെ ശപിക്കുകയാണെന്നും ശിശുമരണത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കൂ എന്നും അമിത് ഷാ പറഞ്ഞു.
മരണസംഖ്യ ഇത്രത്തോളം ഉയരും വരെ സംഭവം ഗൗരവത്തിലെടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രതികരിച്ചു. സര്‍ക്കാര്‍ ഇതിന് ആരെ ശിക്ഷിക്കുമെന്നും അവര്‍ ചോദിച്ചു. യുപിയിലെ ഗോരഖ്പൂരില്‍ യഥാസമയം ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനാല്‍ അറുപതോളം കുട്ടികള്‍ മരണമടഞ്ഞ സംഭവം ഉണ്ടായിരുന്നു. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുകയും അടിയന്തരമായി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടും ഇതിന്റെപേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കോണ്‍ഗ്രസ് അടക്കം കടന്നാക്രമിക്കുകയാണ് ചെയ്തത്. അന്ന് അത് വലിയആഘോഷമാക്കിയ മാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയിലെ മരണങ്ങളെക്കുറിച്ച് വലിയ വിവാദമുണ്ടാക്കിയിട്ടില്ല. ചാനലുകള്‍ ചര്‍ച്ചയുമാക്കിയിട്ടില്ല.
















