ആലപ്പുഴ: രാഷ്ട്രീയ മുതലെടുപ്പിനായി മതതീവ്രവാദ സംഘടനാ നേതാക്കള്‍ക്കൊപ്പം അണിനിരന്ന് കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍. പാക്കിസ്ഥാനില്‍ ക്രൂര പീഡനത്തിരയായ അവിടുത്തെ മതന്യൂന പക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വഭേഗദതി നിയമത്തിനെതിരെയാണ് കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ മതതീവ്രവാദ സംഘടനകളുമായി അണിനിരക്കാന്‍ തയാറായത്.
ലജ്നത്തുല്‍ മുഹമ്മദിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുഖ്യധാരാ സംഘടനകള്‍ക്കൊപ്പം തീവ്രവാദ സംഘടനകളെയും പങ്കെടുപ്പിച്ചത് വിവാദമായി. മതതീവ്രവാദികള്‍ പരിപാടി ഹൈജാക്ക് ചെയ്യാനും ശ്രമം നടത്തി. അത്യന്തം പ്രകോപന പരമായ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രിതമായി കയ്യടക്കുകയായിരുന്നു. ഇത്തരം സംഘടനകളെ കൂട്ടുപിടിച്ച് പരിപാടി നടത്തിയ ലജ്നത്തുല്‍ മുഹമ്മദിയ ഭാരവാഹികള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ചില നേതാക്കളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി സാധാരണക്കാരായ മുസ്ലിം വിഭാഗത്തെ തീവ്രവാദികള്‍ക്ക് പിന്നില്‍ അണിനിരത്തിയെന്നാണ് വിമര്‍ശനം. ലജനത്തുള്‍ മുഹമ്മദിയയുടെ ഭാരവാഹിത്വമുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് നേതാവ് ഡി. സുഗതന്, സിപിഐ നേതാവ് പി. പ്രസാദ്, കോണ്‍ഗ്രസ് നേതാവും നഗരസഭാധ്യക്ഷനുമായ ഇല്ലിക്കല്‍ കുഞ്ഞുമോന് എന്നിവരാണ് എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി എന്നീ സംഘടനകളുടെ നേതാക്കളുമായി യോജിച്ച പ്രതിഷേധത്തിനെത്തിയത്.
ജസ്റ്റിസ് കമാല്‍ പാഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നിയമപണ്ഡിതന് ഹരിഷ് സാല്‍വേയെ അദ്ദേഹം പരിഹസിച്ചു. പൗരത്വഭേദഗതി നിയമത്തെ ഹരിഷ് സാല്‍വേ അനുകൂലിച്ചതാണ് കമാല്‍ പാഷയെ ചൊടിപ്പിച്ചത്. ഹരിഷ് സാല്‍വേയെ പോലുള്ളവര്‍ കൂലിപടയാളികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എല്ലാവരുടെയും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകാന്‍ തുടങ്ങിയെന്ന് മനസിലായതിനാലാണ് നേതാക്കന്മാരില്ലാതെ സമരം വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു. ലജ്നത്തുല്‍ മുഹമ്മദിയ പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: