ന്യൂദല്‍ഹി: ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടത്താന്‍ യുവാക്കളെ പാക്കിസ്ഥാന്‍ റിക്രൂട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യക്കെതിരേ വ്യാജപ്രചാരണം നടത്താന്‍ ഒരു വര്‍ഷം ആയിരം യുവാക്കളെ ആണ് പാക്കിസ്ഥാന്റെ സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍ ഇന്റേണ്‍ഷിപ്പ് നടത്തി പുറത്തിറക്കുന്നത്. മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനാണ് ഇതിന്റെ ചുമതല. എല്ലാ മാസവും ഐഎസ്പിആര്‍ എല്ലാ മാസവും സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവാക്കളുടെ മത്സരം സംഘടിപ്പിക്കാറുണ്ട്. ഏറ്റവും അധികം ട്വീറ്റ്, റീട്വീറ്റ് ചെയ്തവരേയാണു ഇതിലേക്ക് പരിഗണിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ക്കു പുറമേ ഫൗസി ഫൗണ്ടേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയും നല്‍കും.
ഇന്ത്യക്കെതിരേ വ്യാജപ്രചാരണം നടത്തുക എന്നതാണ് മത്സരം. ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളില്‍ പ്രമുഖരമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ളവര്‍ ചോദ്യങ്ങളുമായോ റീട്വീറ്റുമായോ എത്തുന്നത് അനുസരിച്ചാണ് വിജയികളെ നിശ്ചയിക്കുക. ഒരു ലക്ഷത്തോളം യുവാക്കള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖരായ വ്യക്തികള്‍, സൈനികര്‍, ഉദ്യോഗസ്ഥര്‍, നേതാക്കള്‍ എന്നിവരുടെ വിശദമായ വിവരങ്ങള്‍ ഈ യുവാക്കള്‍ക്ക് നല്‍കും. ഇവര്‍ക്കെതിരേ ഏറ്റവും കൃത്യമായ വ്യാജപ്രചാരണമാണ് നടത്തേണ്ടത്. ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തിനിടെ പാക്കിസ്ഥാന്‍ വെടിവച്ചിട്ടതെന്നു കാട്ടി കഴിഞ്ഞ ദിവസം ഒരു യുദ്ധവിമാനത്തിന്റെ അവശിഷ്ടത്തിന്റെ വ്യാജ ചിത്രം മേജര്‍ ജനറല്‍ ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രചാരണമാണ് ഇന്ത്യക്കെതിരേ സൈബര്‍ ലോകത്ത് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് സൈന്യത്തിനെതിരേ ഇന്ത്യന്‍ സേന കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. ഇതിനാല്‍, ഇന്ത്യന്‍ സൈനികരുടെ വ്യാജചിത്രങ്ങള്‍ നിര്‍മിക്കാനും പാക് സൈന്യം ആക്രമണത്തില്‍ കൊന്നതാണെന്നും കാട്ടി സോഷ്യല്‍മീഡിയിയില്‍ പ്രചരിപ്പിക്കാനും യുവാക്കള്‍ക്ക് പാക് സൈനിക മാധ്യമവിഭാഗം നിര്‍ദേശം നല്‍കിയിരുന്നു.
















