ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളിലെ കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ നിന്നും പിഴ ഈടാക്കുമെന്ന നോട്ടീസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് യുപി സര്‍ക്കാര്‍. പൗരത്വ ബില്ലിനെതിരെ രാജ്യത്ത് വ്യാപകമായി നടന്ന അക്രമ സംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നതാണ്. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രക്ഷോഭത്തില്‍ വ്യാപകമായി പൊതു- സ്വകാര്യ മുതലുകള്‍ നശിപ്പിക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കുകയും കലാപം ഉണ്ടാക്കുകയും ചെയ്തവരില്‍ നിന്നും പിഴ ഈടാക്കുന്നത്. ഇതു പ്രകാരം പിഴ ഈടാക്കേണ്ടവര്‍ക്കായി നല്കിയ നോട്ടീസില്‍ മറുപടി നല്കാന് ലഖ്നൗ ജില്ലാ ഭരണകൂടം ഏഴ് ദിവസം സമയം അനുവദിച്ചു.
നോട്ടീസ് അയച്ചവര്‍ക്കു തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കുമെന്നും തൃപ്തികരമായ വിശദീകരണം നല്‍കാത്ത പക്ഷം സ്വത്തുക്കള്‍ ലേലം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദ്ദേശം. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 150 ഓളം പേര്‍ക്ക് നോട്ടിസ് അയച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. യുപി പോലീസ് സര്‍ക്കാരിനു സമര്‍പ്പിച്ച പിഴ ഈടാക്കേണ്ട 498 പേരുടെ പട്ടികയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയത്.
സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച ചിത്രങ്ങളും പരിശോധിച്ചാണ് അക്രമികളെ കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മോഡല്‍ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്ദ്യൂരപ്പയും പ്രഖ്യാപിച്ചിരുന്നു. റെയില്‍വേയ്ക്കു ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കാന്‍ റെയില്‍വേയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 80 കോടിയുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: