ശ്ലോകം 28
മന്ദമദ്ധ്യമരൂപാപി
വൈരാഗ്യേണ ശമാദിനാ
പ്രസാദേന ഗുരോഃ സേയം
പ്രവൃദ്ധാ സൂയതേ ഫലം
മോക്ഷത്തിനുള്ള ആഗ്രഹം മന്ദഗതിയിലുള്ളതോ ഇടത്തരത്തിലുള്ളതോ ആകാനിടയുണ്ട്. വൈരാഗ്യം കൊണ്ടും ശമാദി സമ്പത്തുകളെ കൊണ്ടും ഗുരുകൃപകൊണ്ടും മോക്ഷേച്ഛ വര്‍ദ്ധിച്ചാല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. മോക്ഷത്തിനുള്ള ആഗ്രഹത്തെ തീവ്രം അഥവാ പ്രവൃദ്ധം, മദ്ധ്യമം, മന്ദം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.
ശാസ്ത്രങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതാണ് മോക്ഷത്തിനുള്ള മന്ദമായ ആഗ്രഹം. മോക്ഷം എന്ന ഒന്ന് ഉണ്ടെന്നും ഈ സംസാര ദുരിതങ്ങളില്‍ നിന്ന് കരകയറണമെന്ന് തോന്നല്‍ ഉണ്ടാക്കുന്നതാണ് മന്ദമായ മോക്ഷേച്ഛാ. സംസാരത്തിന്റെ ദോഷങ്ങളെ മനസ്സിലാക്കി എല്ലാ കര്‍മ്മങ്ങളും വിട്ട് ആത്മാന്വേഷണത്തിനായി ഗുരുവിനെ സമീപിക്കുന്നതാണ് മദ്ധ്യമമായ മോക്ഷേച്ഛ.
സംസാരതരണത്തിനായി ഗുരുവിനെ ആശ്രയിക്കുന്നയാള്‍ക്ക് മോക്ഷം നേടാനുള്ള താല്പര്യം കൂടി വരും. ഗുരു ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രമായ മോക്ഷേച്ഛ കൈവരും. വൈരാഗ്യവും വിവേകം വര്‍ദ്ധിക്കുമ്പോഴാണ് മോക്ഷത്തിനുള്ള ആഗ്രഹം കുടുക. തന്നെ ബന്ധിച്ചിരിക്കുന്ന എല്ലാ കെട്ടുകളില്‍ നിന്നും പുറത്തു വരണമെന്നും കാര്യമായി വിചാരിക്കും. മോക്ഷല്ലാതെ മറ്റൊരു ചിന്തയുമുണ്ടാകില്ല.പ്രവൃദ്ധമായ മോക്ഷേച്ഛയുണ്ടെങ്കില്‍ ഉടനെ ഫലസിദ്ധിയും ഉണ്ടാകും.
സാധന ചതുഷ്ടയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഒരു ഗുണം ഉണ്ടായാല്‍ മറ്റുള്ളവയും വന്നു ചേരും. ഇവ ചെറിയ തോതിലെങ്കിലും ഉണ്ടായാല്‍ മതി. അത് ക്രമത്തില്‍ വളര്‍ന്നാല്‍ മോക്ഷത്തിലേക്ക് നയിക്കും. മന്ദവും മദ്ധ്യവുമായാലും ഇവയെ വളര്‍ത്തിക്കൊണ്ട് വരണം. വിവേകം വൈരാഗ്യത്തിലേക്കും ശമം മുതലായ ആറ് സമ്പത്തുകളിലേക്കും അത് മോക്ഷം വേണമെന്ന ആഗ്രഹം ത്വരിതമാക്കുന്നതിലേക്കും കാരണമാകും. താന്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന എല്ലാതരം ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ കലശലായ ആഗ്രഹം ഉണ്ടാകുകയും അത് നേടിയെടുക്കുകയും ചെയ്യും. സാധന ചതുഷ്ടയമുള്ള ശിഷ്യന് ഗുരുവിന്റെ പ്രസാദം കൊണ്ട് മോക്ഷമെന്ന പരമപ്രധാന ഫലം ലഭിക്കും.
ഗുരുവിന്റെ പ്രസാദം എന്നാല്‍ ആത്മാനുഭൂതിയില്‍ മുഴുകിയ ഗുരുവിന്റെ അനുഗ്രഹം തന്നെയാണ്. മഹാത്മാവായ ഗുരു എല്ലാവരിലും തന്റെ കൃപാ പ്രസാദം എല്ലാവര്ക്കും ഒരു പോലെ നല്‍കുന്നയാളാണ്. എന്നാല്‍ ശിഷ്യരുടെ യോഗ്യതയനുസരിച്ച് ഓരോത്തര്‍ക്കും പലതരത്തില്‍ ലഭിക്കും. ശിഷ്യരുടെ കഴിവനുസരിച്ച് ചിലര്‍ക്ക് കൂടാം മറ്റ് ചിലര്‍ക്ക് കുറയാം.
എന്നാല്‍ ഗുരുപ്രസാദം എന്ന പേരില്‍ ആളുകളെ ശിഷ്യഗണങ്ങളാക്കി തട്ടിപ്പ് നടത്തുന്ന കപട ഗുരുക്കന്മാരെ കരുതിയിരിക്കണം. ഗുരു വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന പ്രവണത കൂടി. കാശ് കൊടുത്താല്‍ മോക്ഷം നേടിത്തരാമെന്ന് പറയുന്നവരും വിലസുന്നുണ്ട്. സാധകരായവര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്.
ലോകത്തില്‍ വിഷയ സുഖങ്ങള്‍ നേടുംപോലെ നേടേണ്ടതല്ല മോക്ഷം. അത് ധനം, കര്‍മ്മം, ആള്‍ബലം എന്നിവ കൊണ്ടൊന്നും കിട്ടില്ല. നിത്യാനിത്യങ്ങളെ വേര്‍തിരിച്ചറിയുന്ന വിവേകത്തിലൂടെ വിഷയങ്ങളില്‍ വൈരാഗ്യത്തെ നേടണം.
ഇത് മനസ്സിനേയും ഇന്ദ്രിയങ്ങളെയും അടക്കുക എന്നീ ഗുണങ്ങള്‍ നേടാന്‍ വഴിയൊക്കും. അതിലൂടെ പരിമിതികളില്‍ നിന്ന് മോചനം നേടാനുള്ള ഇച്ഛയെ ശക്തമാക്കും. ഇങ്ങനെയുള്ള ഒരു സാധകന് ഗുരുപ്രസാദം വേണ്ടുവോളം ലഭിക്കാനും അതുവഴി മോക്ഷത്തിലെത്താനുമാകും.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: