ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ ഒരുങ്ങികഴിഞ്ഞു. ഇതിന്റെ ഭാഗമായി ജയിലില്‍ പുതിയ നാലു തൂക്കുമരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരുമിച്ച് ചെയ്ത കുറ്റത്തിന് ഒരുമിച്ച് ശിക്ഷ എന്ന നിലപാടാണ് നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് നല്‍കുന്നതെന്നാണ് സൂചന.
നേരത്തെ തിഹാര്‍ ജയിലില്‍ ഒരു തൂക്കുമരം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ജെസിബിയെ എത്തിച്ചാണ് മറ്റ് പണികള്‍ പൂര്‍ത്തീകരിച്ചത്. രാജ്യത്ത് ഈ സംവിധാനം ഒരുക്കിയ ആദ്യ ജയില്‍ കൂടിയാണ് തിഹാര്‍. വധശിക്ഷ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മാറ്റുവാനുള്ള ഇടനാഴിയും പൂര്‍ത്തിയായതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
2012 ഡിസംബര്‍ 16നാണ് നിര്‍ഭയ ക്രൂര പീഡനത്തിരയാകുന്നത്. തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഡിസംബര്‍ 29ന് ചികിത്സയ്‌ക്കിടെ നിര്‍ഭയ മരണപ്പെടുകയും ചെയ്തു. നിര്‍ഭയ കേസില്‍ ആറുപ്രതികളില്‍ ഒരാള്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. നാല് പ്രതികളില്‍ മൂന്ന് പേര്‍ക്ക് ക്യുറേറ്റീവ് പെറ്റീഷന്‍ നല്‍കി ദിവസങ്ങള്‍ നീട്ടിക്കിട്ടാനുള്ള അവസരം ബാക്കിയുണ്ട്. ഇവരുടെ പുനഃപരിശോധനാ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
















