ന്യൂദല്‍ഹി : പുതുവര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് സമ്മാനവുമായി മോദി സര്‍ക്കാര്‍. 12000 കോടിയാണ് വിളവെടുപ്പ് ഉത്സവകാലത്ത് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി വിതരണം ചെയ്യുക. മകര സംക്രാന്തി, ലോഹ്രി, ബിഹു. പൊങ്കല്‍ എന്നിവയ്‌ക്കു മുന്നോടിയായി കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നത്. കിസാന്‍ സമ്മാന്‍ നിധിയെന്ന കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രിയുടെ വരുമാന പിന്തുണയുടെ ഭാഗമായാണ് ഈ സഹായം വിതരണം ചെയ്യുക. കര്‍ണ്ണാടകയിലെ തുംകൂരില്‍ നടക്കുന്ന ചടങ്ങില്‍ മോദി ആറ് കോടി കര്‍ഷകര്‍ക്ക് 12000 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേരിട്ടാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹാടയം വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ 2000 കോടി രൂപയോളം 1.01 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. 14.5 കോടി ഭൂവുടമസ്ഥ കര്‍ഷകര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരം രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപ ലഭിക്കുന്നതാണ് ഈ പദ്ധതി.
അര്‍ഹരായ കര്‍ഷകരുടെ പട്ടിക തയ്യാറാക്കി നല്‍കുന്നതില്‍ പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ പശ്ചിമ ബംഗാള്‍ പദ്ധതിയോട് വിമുഖത പ്രകടിപ്പിക്കുകയും, 72 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനും കാരണമായി. അതേസമയം മധ്യപ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ചേരുന്നതില്‍ നിന്നും ആദ്യം വിമുഖത പ്രകടിപ്പിച്ചിരുന്നുവെങ്കിലും പീന്നീട് ചേര്‍ന്നു.
തുംകൂരില്‍ നടക്കുന്ന കിസാന്‍ സമ്മാന്‍ നിധിയുടെ ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
















