ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തു നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാന്റെ കൈകളുണ്ടെന്ന സംശയങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കൂടുതല്‍ തെളിവുകള്‍. ചെന്നൈ ബെസന്ത് നഗറില്‍ കഴിഞ്ഞ ദിവസം അനുമതി ഇല്ലാതെ വീടുകള്‍ക്ക് മുന്നില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ചതിന് അറസ്റ്റിലായ ഏഴു പേരില്‍ ഒരു യുവതിക്ക് പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്‌സ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയായ ഗായത്രി ഖന്ധാധായിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാടുകളാണ് ഏറെയും. ഗവേഷക എന്ന നിലയിലാണ് ഇവരുടെ ഇടപെടലുകള്‍. ഗായത്രിക്ക് പാക്കിസ്ഥാന്‍ സംഘടനകളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും കൂടുതല്‍ വിശദമായി അന്വേഷിക്കുകയാണെന്ന് ചെന്നൈ പോലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ വ്യക്തമാക്കി.
മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ കലാപ സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനും ഗായത്രി മുന്‍പന്തിയില്‍ ഉണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിഎംകെ നേതാവ് സ്റ്റാലിനുമൊത്ത് ഇവര്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികളെ പിന്തുണയ്‌ക്കുന്ന ഡിഎംകെ നിലപാടിനെതിരേ ബിജെപി നേരത്തേ രംഗത്തു വന്നിരുന്നു.
അതേസമയം, കോലം വരച്ചതിനല്ല പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതെന്നും അനുമതി ഇല്ലാതെ വീടിനു മുന്നില്‍ കോലം വരച്ചതിനു താമസക്കാരുമായി കൈയാങ്കളി വരെ കാര്യങ്ങള്‍ എത്തിയതിനാണ് അറസ്‌റ്റെന്നും പോലീസ് വ്യക്തമാക്കി. നേരത്തേ, അനുമതി ഇല്ലാതെ വീടിനു മുന്നില്‍ വരച്ച കോലം വീട്ടമ്മ എത്തി വെള്ളം ഒഴിച്ചു മായിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
















