ന്യൂദല്‍ഹി : ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നല്‍കിയ മിന്നലാക്രമണ മറുപടിയുടെ സൂത്രധാരന്‍ കൂടിയാണ് സംയുക്ത സേനാ മേധാവിയായി ചുമതലയേല്‍ക്കുന്ന ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനൊപ്പം റാവത്ത് കൂടി ചേരുന്നത് പാക്കിസ്ഥാന്‍ തെല്ല് ഭയത്തോടു കൂടിയാണ് വീക്ഷിക്കുന്നത്.
ഇന്ത്യ അടുത്ത വര്‍ഷങ്ങളില്‍ നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് പിന്നില്‍ അജിത് ദോവല്‍ എന്ന വ്യക്തിയുടെ മികവും ഉണ്ടായിരുന്നു. ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ തിരിച്ചടി നല്‍കാന്‍ ആസൂത്രണം ചെയ്തതില്‍ തന്നെ ഇരു വ്യക്തികളുടേയും പ്രവര്‍ത്തന മികവ് ജനം കണ്ടതാണ്. സുരക്ഷയുടെ ഉന്നത പദവിയിലേക്ക് ഇരുവരും എത്തുന്നത് സൈന്യത്തിന് കൂടി പ്രചോദനമാകുന്നതാണ്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണ് മൂന്നു സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത രാജ്യത്തിന് മനസ്സിലാകുന്നത്. ഈ കാലയളവില്‍ മൂന്നു സേനകളും തമ്മില്‍ കൃത്യമായ ആശയ വിനിമയം ഉണ്ടായിരുന്നില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇന്ത്യ – പാക് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ പാക് ചാരന്മാരും സൈനികരും കാര്‍ഗിലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിച്ച ശേഷമാണ് സൈനിക ഇന്റലിജന്‍സ് വിഭാഗത്തിന് അറിയാനായത്. ഈ വിവരങ്ങള്‍ സൈന്യത്തിന് കൈമാറുന്നതിലും അവര്‍ക്ക് വീഴ്‌ച്ച പറ്റി.
എന്നാല്‍ അതിനുശേഷം 2016ല്‍ എത്തിയപ്പോള്‍ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തക്ക മറുപടി തന്നെ ഇന്ത്യ നല്‍കുകയും ചെയ്തു. 2016 സെപ്തംബര്‍ 18നായിരുന്നു ഉറിയില്‍ ഭീകരാക്രമണം നടന്നത് തുടര്‍ന്ന് 10 ദിവസത്തെ് ആസൂത്രണങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ അമ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് ഭരണകൂടവും സമ്മതിച്ചിട്ടുണ്ട്.
കൂടാതെ പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പല തവണ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സംയുക്ത സോനാ മേധാവി ചുമതലയേല്‍ക്കുന്നതോടെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ മറുപടി ഇനി പാക്കിസ്ഥാന് പ്രതീക്ഷിക്കാം. തുടര്‍ച്ചയായുള്ള നുഴഞ്ഞുകയറ്റവും, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനുമെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് കൂടി പാക്കിസ്ഥാനെ ആശങ്കയില്‍ ആഴ്‌ത്തുന്നുണ്ട്.
ഗൂര്‍ഖാ റജിമെന്റിലെ മുന്‍ ലഫ്. ജനറല്‍ ലക്ഷ്മണ്‍ സിങ് റാവത്താണ് ബിപിന്‍ റാവത്തിന്റെ പിതാവ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഗൂര്‍ഖാ റജിമെന്റില്‍ത്തന്നെയാണ് അദ്ദേഹവും സൈനിക ജീവിതത്തിന് തുടക്കമിട്ടത്. ബാരാമുള്ളയിലെ ഉറി, വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ 11ാം ബറ്റാലിയന്‍ എന്നിവയില്‍ കമാന്‍ഡറായിട്ടുണ്ട്. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിലും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2015 ല്‍ മണിപ്പൂരില്‍ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹത്തിനു നേരെ നാഗാ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ആക്രമണ പദ്ധതികള്‍ക്ക് രൂപം നല്‍കിയതും ബിപിന്‍ റാവത്ത് ആയിരുന്നു.
















