മുംബൈ: മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനത്തിനു പിന്നാലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രിസഭാ വികസനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസംതൃപ്തരാണെന്ന് റിപ്പോര്‍ട്ട്.
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി അറിയിച്ചതായി ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ മകന്‍ ആദിത്യ താക്കറെ, എന്‍സിപി നേതാവ് അജിത് പവാര്‍ തുടങ്ങിയ 36 പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ വിപുലീകരിച്ചത്.
പാര്‍ട്ടിക്ക് വിശ്വസ്തരായിട്ടുള്ളവരെ അവഗണിച്ച് ശിവസേനയ്‌ക്ക് താത്പ്പര്യമുള്ളവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയെന്നാണ് മുതിര്‍ന്ന നേതാക്കാളുടെ ആരോപണം. എംഎല്‍എമാരായ പൃഥിരാജ് ചവാന്‍, നസീം ഖാന്‍, പ്രണിതി ഷിന്‍ഡെ, സംഗ്രാം തോപ്‌തെ, അമിന്‍ പട്ടേല്‍, രോഹിദാസ് പാട്ടീല്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കണ്ട് പരാതി ഉന്നയിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് അശോക് ചവാന്‍, ദിലീപ് വാല്‍സ് പാട്ടീല്‍, സുനില്‍ ഛത്രപാല്‍ ഖേദാര്‍, കെ.സി. പദ്വി തുടങ്ങി 12 പേര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് വകുപ്പുകള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ അര്‍ഹതയുള്ള ചിലര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയില്ലെന്നും ഇവര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.
















