തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. മരണകാരണം അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗബാധയെ തുടര്‍ന്നെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ചൈല്‍ഡ് സി സിറോസിസാണ് മരണ കാരണമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നത്.
പോണ്ടിച്ചേരി ജിപ്മെറിലെ പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങിയ ബോര്‍ഡിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കരള്‍ രോഗം ഉള്ളതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മദ്യം മരണകാരണമായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചാലക്കുടി പുഴയുടെ സമീപത്തെ മണിയുടെ വിശ്രമ കേന്ദ്രമായ പാഡിയില്‍ അബോധാവസ്ഥയില്‍ കണ്ട മണിയെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2017ലാണ് കലാഭവന്‍ മണിയുടെ കേസ് സിബിഐ ഏറ്റെടുത്തത്്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം പോലീസ് സിബിഐയ്‌ക്ക് കൈമാറിയത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചിയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്.
















