കൊല്ലം: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്തിന്റെ സുരക്ഷയെയും പൗരന്മാരുടെ സൈ്വര്യജീവിതത്തെയും വെല്ലുവിളിച്ച് വീണ്ടും സമ്മേളനങ്ങളും റാലികളുമായി ഇകെ സുന്നികളുടെ സംഘടന. ഇവരുടെ റാലികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത് സംസാരിക്കുന്ന ഇടതു, വലതു പാര്‍ട്ടികളുടെ നേതാക്കള്‍ കേന്ദ്ര വിരുദ്ധതയും ഭരണഘടനാ വിരുദ്ധതയും മുസ്ലിം അണികളിലേക്ക് അടിച്ചേല്‍പ്പിക്കുന്നു.
മനുഷ്യാവകാശദിനത്തിന്റെ മറവില്‍ ഈ മാസം 10നായിരുന്നു ആദ്യ റാലി. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ കൊല്ലം ആശ്രാമം മൈതാനത്തു നിന്ന് കന്റോണ്‍മെന്റിലേക്കായിരുന്നു റാലി സംഘടിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള സംഘടനാപ്രവര്‍ത്തകരാണ് അണിനിരന്നത്. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പായിരുന്നു സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മദ്രസാധ്യാപകരുടെ റാലി. ജംഇയത്തുല്‍ മുഅല്ലമീന്‍ അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ഇരുദിവസങ്ങളിലും പൊതുജനങ്ങളെ വലച്ചുകൊണ്ടായിരുന്നു സംഘാടനം.
വാഹനങ്ങള്‍ക്ക് പോകാന്‍ പോലും സാധിക്കാത്ത വിധം റോഡ് കൈയേറിയുള്ള റാലികളാണ് ഇവര്‍ നടത്തിയത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ സമ്മേളനം ശ്രദ്ധിക്കപ്പെടില്ലെന്ന പ്രതികരണമാണ് ഇവരില്‍നിന്നുണ്ടായത്.
മതസമ്മേളനങ്ങളും തീര്‍ത്തും രാഷ്‌ട്രീയപാര്‍ട്ടികളുടെ പരിപാടിയായി മാറുന്നതിന്റെ തെളിവുകൂടിയായി ഇത്. എപി സുന്നികള്‍ക്ക് പൊതുവെ ശക്തിയുണ്ടായിട്ടും ജില്ലയില്‍ ഇകെ സുന്നി വിഭാഗം രണ്ട് വന്‍പരിപാടികള്‍ നടത്തിയതിന്റെ ക്ഷീണം മറുവിഭാഗത്തിനുണ്ട്.
പൗരത്വ ഭേദഗതി നിയമത്തില്‍ വരുംദിവസങ്ങളിലും മുസ്ലീങ്ങളെ ഉപയോഗിച്ച് നാട്ടില്‍ സംഘര്‍ഷം നിറയ്‌ക്കാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുന്നത്. ഇതിനെതിരെ അമര്‍ഷമുണ്ടെങ്കിലും നിശ്ശബ്ദത പാലിക്കുകയാണ് രണ്ട് മുന്നണിയിലെയും ഘടകകക്ഷികള്‍.
ജമാഅത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പ്രതിഷേധയോഗങ്ങള്‍ക്ക് പുറമെ ചില കടലാസ് സംഘടനകളുടെ പരിപാടിയില്‍ വരെ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ഓടിനടന്നാണ് പങ്കെടുക്കുന്നത്.
















