ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെയും പൗരന്മാര്‍ക്കായുള്ള ദേശീയ രജിസ്റ്ററിനെയും (എന്‍ആര്‍സി) പിന്തുണച്ച് പ്രമുഖ ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ്. നിയമം വളരെ അനുകമ്പയുള്ളതാണ് എന്നാല്‍, ഇതു വളരെ വൈകി വരുന്നു എന്നാണ് തന്റെ അഭിപ്രായം. നിയമം മതപരമായ പീഡനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണ്. തെരുവിലെ പ്രതികരണങ്ങളും അക്രമങ്ങളും കാണുമ്പോള്‍ നിയമം മൂലം എന്താണ് ഇവര്‍ക്ക് നഷ്ടമാകുന്നതെന്ന് താന്‍ ആശ്ചര്യപ്പെട്ടു.
ഇത് ഒരു കൂട്ടെ ആളുകള്‍ കളിക്കുന്ന അപകടകരമായ കളിയാണ്. പ്രാദേശിക ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ പൗരത്വം നഷ്ടപ്പെടുമെന്ന് കരുതി ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട നിരക്ഷരരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ‘ഇത് നിര്‍ഭാഗ്യകരമാണ്. ഈ കാലഘട്ടത്തില്‍ ഏതു പ്രായത്തിലും നിങ്ങള്‍ക്ക് ഫോണ്‍ തുറന്ന് നിയമം നന്നായി വായിക്കാന്‍ കഴിയും. ഏത് വിദ്യാര്‍ത്ഥിക്കും ഇത് വായിക്കാന്‍ കഴിയും, പക്ഷേ അവരെല്ലാം വന്ന് നിരക്ഷരരെപ്പോലെ പെരുമാറുന്നു. വളരെ നല്ല സര്‍വകലാശായില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും നിരക്ഷരരെ പോലെയാണു പെരുമാറുന്നത്. അത്തരമൊരു കാര്യം സംഭവിക്കുന്നത് വളരെ സങ്കടകരമാണ്. നിയമം സംബന്ധിച്ചു പൊതുജനങ്ങളുമായ ശരിയായി ആശയവിനിമയം നടത്തുന്നതില്‍ ഒരു തരത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.വ്യക്തിപരമായി നിയമത്തില്‍ ഒരു പ്രശ്‌നവും കാണുന്നില്ല. നിര്‍ഭാഗ്യവശാല്‍ ആശയവിനിമയത്തിന്റെ അഭാവം പോലും ഒരു വിഭാഗം ആളുകള്‍ നിയമം തങ്ങള്‍ക്ക് ഭീഷണിയായി കാണുന്നു. അത് തീര്‍ച്ചയായും മാറണം.
രാജ്യത്തെ എല്ലാ പൗരന്മാരും രജിസ്റ്റര്‍ ചെയ്യണമെന്നും ഇതു ഭാവിയിലേക്ക് വളരെ പ്രയോജനകരമാണെന്ും എന്‍ആര്‍സിയെക്കുറിച്ച് സദ്ഗുരു പറഞ്ഞു. 1971 ലെ യുദ്ധം നടക്കുകയും കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശായി മാറുകയും ചെയ്തു. അപ്പോള്‍ ന്യൂനപക്ഷങ്ങളെ വ്യാപകമായി പീഡിപ്പിക്കുകയും ചെയ്തു. അക്കാലത്ത് 18-19 ശതമാനം ആളുകള്‍ അവിടെ നിന്ന് പോയി ഇന്ത്യന്‍ ഭാഗത്തേക്ക് തിരിച്ചുവന്നു. അവര്‍ നമ്മള്‍ക്കൊപ്പം കൂടിച്ചേര്‍ന്നു, ശരിയായ ക്രമീകരണമൊന്നും ഉണ്ടായിരുന്നില്ല. അവര്‍ പ്രാദേശിക ജനങ്ങളുമായി ഇടകലര്‍ന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇപ്പോഴും അഭയാര്‍ഥിക്യാമ്പുകളിലാണ്. അവരെ നിയമപ്രകാരം നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നിയമത്തിന്റെ കാഴ്ചയില്‍, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒരുപോലെയാണ്. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിയമപ്രകാരം വിവേചനമുണ്ട്. നിയമപ്രകാരം സ്ത്രീകള്‍ വിവിധ തലങ്ങളില്‍ ഗുരുതരമായി വിവേചനം നേരിടുന്നു, നിയമപ്രകാരം മിക്കവാറും എല്ലാ ന്യൂനപക്ഷങ്ങളും വിവേചനത്തിലാണ്. മതം ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഓണ്‍ലൈനില്‍ എഴുതിയതിനാലാണ് മതനിന്ദയ്‌ക്ക് ഒരു പ്രൊഫസര്‍ക്ക് വധശിക്ഷ ലഭിച്ചത്. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണമെന്നും സദ്ഗുരു.
















