ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി. ജി. ഇളങ്കോ, മകന്‍ ആനന്ദ് തുടങ്ങിയവരുടെ കോയമ്പത്തൂരിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിലും വീടുകളില്‍ നടത്തിയ റെയ്ഡില്‍ നിരോധിച്ച 1000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു.
നിരോധിച്ച ആയിരം രൂപ നോട്ടിന്റെ വന്‍ ശേഖരമാണ് ദല്‍ഹിയില്‍ നിന്നെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഡിഎംകെ മുന്‍ എംഎല്‍എ ജി ഇളങ്കോ, മകന്‍ ആനന്ദ്, കോയമ്പത്തൂരിലെ പ്രദേശിക നേതാക്കളായ റഷീദ്, ഷെയ്ഖ് എന്നിവരുടെ ഓഫീസുകളിലും വസതികളിലും ഒരേ സമയമായിരുന്നു റെയ്ഡ്.
ആനന്ദിന്റെ കോയമ്പത്തൂരിലെ ബംഗ്ലാവില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്ന നിരോധിച്ച നോട്ടുകള്‍. ആയിരം രൂപ നോട്ടിന്റെ 268 കെട്ടുകള്‍ പിടിച്ചെടുത്തു. പ്രത്യേകം സജ്ജീകരിച്ചിരുന്ന അലമാരിയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.
നോട്ട് നിരോധനത്തിന് ശേഷം മുന്‍ എംഎല്‍എ ജി ഇളങ്കോ അനധികൃതമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പിന് ലഭിച്ചു. ആയിരം രൂപ നോട്ടിന്റെ വലുപ്പത്തില്‍ വെട്ടിയുണ്ടാക്കിയ കടലാസ് കെട്ടുകളും കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ തദേശ ഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണ്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ലക്ഷകണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷവും, നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് ശശികല കോടികളുടെ ഇടപാട് നടത്തിയതിന്റെ രേഖകള്‍ നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
















