ന്യൂദല്‍ഹി: ലോകത്തിലേക്കും ഏറ്റവും ധീരരാണ് രാജ്യത്തെ സിആര്‍പിഎഫ് ജവാന്മാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ സിആര്‍പിഎഫ് ഡയറക്ടറേറ്റ് ജനറല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിആര്‍പിഎഫ് ലോകത്തിലെ ഏറ്റവും വലിയ സേന മാത്രമല്ല ധീരരുമാണ്. സിഎആര്‍പിഎഫിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് പ്രചോദനം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്. ഇതുവരെ 2,184 സിആര്‍പിഎഫ് ജവാന്മാരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്, ഷാ പറഞ്ഞു.
1959 ഒക്ടോബര്‍ 21ന് വെറും പത്ത് സിആര്‍പിഎഫ് ജവാന്മാരണ് ഒരു ബറ്റാലിയന്‍ ചൈനീസ് സേനയെ ധൈര്യത്തോടുകൂടി നേരിട്ട് വീരമൃത്യു വരിച്ചത്. അതിന്റെ ഓര്‍മയ്‌ക്കായാണ് ഒക്‌ടോബര്‍ 21 പോലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.
1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധവും മറക്കാന്‍ കഴിയില്ല. അന്ന് ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ദാര്‍ പോസ്റ്റിനെ ലക്ഷ്യം വച്ചുള്ള അവരുടെ ആക്രമണത്തെ തകര്‍ക്കുകയും അവരെ തുരത്തുകയും ചെയ്തു, ഷാ കൂട്ടിച്ചേര്‍ത്തു. എണ്‍പതുകളിലും തൊണ്ണൂറുകളിലും പഞ്ചാബിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ സിആര്‍പിഎഫ് ജവാന്മാര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. രാജ്യത്തുണ്ടായ സായുധ കലാപങ്ങളെയെല്ലാം ധീരമായാണ് അവര്‍ നേരിട്ടത്, അദ്ദേഹം പറഞ്ഞു.
ജവാന്മാര്‍ക്കായി ക്ഷേമപദ്ധതികള്‍ രാജ്യത്തെ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ക്ഷേമ പദ്ധതികളുമായി കേന്ദ്രം. എല്ലാ സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു വര്‍ഷം നൂറ് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് കേന്ദ്രം. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പമുണ്ട്.
ജവാന്മാര്‍ക്ക് കുടുംബത്തോടൊപ്പം നൂറ് ദിവസം ചെലവഴിക്കാനുള്ള പദ്ധതി കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജവാന്മാര്‍ക്കും കുടുംബത്തിനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. സിആര്‍പിഎഫിലെ ബി, സി, ഡി വിഭാഗങ്ങളില്‍ 35,000 തസ്തികകള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയത്. ഒപ്പം വിരമിക്കല്‍ പ്രായം 57ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തി, ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. ജവാന്മാരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജിവ് രവി ഭട്‌നഗറും ചടങ്ങില്‍ പങ്കെടുത്തു.
















