ന്യൂദല്‍ഹി: തീവ്രമതമൗലികവാദികള്‍ക്കൊപ്പം കോണ്‍ഗ്രസ് രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിം വിരുദ്ധമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചര്‍ച്ചയ്‌ക്കു തയാറാണെന്നും വ്യക്തമാക്കി. ഇതിനൊന്നും തയാറാവാതെ പ്രക്ഷോഭത്തിനു മാത്രമായിരുന്നു പലര്‍ക്കും താത്പര്യം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീം തുടങ്ങിയ സംഘടനകളുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് കലാപത്തിന് ഇറങ്ങിയിരിക്കുന്നത്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എന്തോ അടിച്ചേല്‍പ്പിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. എന്നാല്‍, രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം, വിജ്ഞാപനം, എതിര്‍പ്പുകള്‍ കേള്‍ക്കല്‍, അപ്പീലിനുള്ള അവകാശം, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കല്‍, പ്രതികരണം സ്വീകരിക്കല്‍ അങ്ങനെ നിരവധി നടപടിക്രമങ്ങള്‍ക്കു ശേഷമേ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കൂ. ഇപ്പോള്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ ഒന്നും രഹസ്യമായിരിക്കില്ല, അദ്ദേഹം വ്യക്തമാക്കി. ആസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയത് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്. ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ രജിസ്റ്ററിനു വേണ്ടി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നു മനസ്സിലാക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സെന്‍സസ്, ജനസംഖ്യാ പട്ടിക തുടങ്ങിയവയെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ഭരണഘടനാപരമായിത്തന്നെയാണ് ഇതെല്ലാം നടത്തുന്നത്. എന്നാല്‍, ഇതെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പൗരത്വ രജിസ്റ്റര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം: ബംഗ്ലാദേശ്
ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും ബംഗ്ലാദേശ്. ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യം അഭിപ്രാ
യം പറയാനില്ലെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശ് (ബിജിബി) ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്ലാം പറഞ്ഞു. ബിഎസ്എഫുമായി അതിര്‍ത്തികളില്‍ ബിജിബിക്ക് നല്ല ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളിലും ഒരിക്കല്‍ പോലും പ്രകോപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ അതിര്‍ത്തി രക്ഷാസേനയെയും പോലെ നുഴഞ്ഞുകയറ്റം തടയാനാണ് ബിജിബി പ്രവര്‍ത്തിക്കുന്നത്. ഇരു അതിര്‍ത്തി രക്ഷാസേനകളും തമ്മിലുള്ള സഹകരണവും സൗഹൃദവും മികച്ചതാണെന്നും ഷഫീനുല്‍ ഇസ്ലാം കൂട്ടിച്ചേര്‍ത്തു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രിക്കൊപ്പം ദല്‍ഹിയില്‍ സേനകളുടെ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും ഒരുമിക്കാനും ഇരു സേനാ വിഭാഗവും തീരുമാനിച്ചു.
















