ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന്റെ ജയന്തി ആഘോഷിക്കാന്‍ രാജ്യം തയാറെടുക്കുമ്പോള്‍ യുവാക്കള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ്ജവും ചലനാത്മകതയും നിറഞ്ഞവരാണ് യുവാക്കള്‍, അവര്‍ മാറ്റത്തിന്റെ ശക്തി ഉള്‍ക്കൊള്ളുന്നവരാണ്. ഇന്ത്യയുടെ ഈ ദശകം യുവാക്കളുടെ വികസനത്തിന്റേതാണ്. സാമര്‍ഥ്യം കൊണ്ട് രാജ്യത്ത് വികസനം കൊണ്ടുവരുന്നവരാണ് അവരെന്നും തെളിയിക്കപ്പെടും.
ഇന്ത്യയെ ആധുനികമാക്കുന്നതില്‍ ഈ തലമുറയ്‌ക്ക് വലിയ പങ്കുണ്ട്. ജനുവരി 12ന് വിവേകാനന്ദ ജയന്തിയില്‍ രാജ്യം യുവാക്കളുടെ ദിനം ആഘോഷിക്കുമ്പോള്‍, ഓരോ യുവാവും, ഈ ദശകത്തില്‍ തങ്ങളുടെ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കണം. ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്ത് അഭിസംബോധനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്‌സഭയും രാജ്യസഭയും പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ കഴിഞ്ഞ 60 വര്‍ഷത്തെ നേട്ടത്തെ മറികടന്നിരിക്കുന്നു. കഴിഞ്ഞ ആറു മാസത്തില്‍ പതിനേഴാം ലോക്‌സഭയുടെ രണ്ടു സഭകളും വളരെ ക്രിയാത്മകമായിരുന്നു. ലോക്‌സഭ 114 ശതമാനം പ്രവര്‍ത്തിച്ചു, രാജ്യസഭ 94 ശതമാനവും. ഇതിനു മുമ്പ് ബജറ്റ് സമ്മേളനത്തില്‍ ഏകദേശം 135 ശതമാനം പ്രവര്‍ത്തിച്ചു. രാത്രി വൈകിയും സഭ ചേര്‍ന്നു. എല്ലാ പാര്‍ലമെന്റംഗങ്ങളും അഭിനന്ദനത്തിന് അര്‍ഹരാണ്. ജനാധിപത്യത്തിന്റെ ശക്തിയാണിത് തെളിയിക്കുന്നത്. രണ്ടു സഭകളുടെയും അധ്യക്ഷന്മാരെയും രാഷ്‌ട്രീയ കക്ഷികളെയും അഭിനന്ദിക്കുന്നു, മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, ഏറ്റവും കുറഞ്ഞത്, രണ്ടുമൂന്നു വര്‍ഷത്തേക്ക് സ്വദേശി സാധനങ്ങള്‍ മാത്രമേ വാങ്ങൂയെന്നു തീരുമാനിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഭാരതത്തില്‍ നിര്‍മിക്കപ്പെട്ട, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ കൈകകൊണ്ടു നിര്‍മിച്ച, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തുകൂടേ? ദീര്‍ഘകാലത്തേക്കുള്ള ആവശ്യമല്ല മുന്നോട്ടുവയ്‌ക്കുന്നത്, 2022 വരെ മാത്രം, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്നതു വരെ. ഈ കാര്യം സര്‍ക്കാര്‍ തലത്തിലാകരുത്. ഓരോരോ ഇടങ്ങളില്‍ യുവാക്കള്‍ മുന്നോട്ടുവരണം, ചെറിയ ചെറിയ സംഘങ്ങളുണ്ടാക്കണം, ആളുകളെ പ്രേരിപ്പിക്കണം, കാര്യം പറഞ്ഞു ബോധ്യപ്പെടുത്തണം, പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഈ സ്വദേശി വികാരത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്ന ദീപമായാണ് മഹാത്മാ ഗാന്ധി കണ്ടത്. ദരിദ്രരില്‍ ദരിദ്രരായവരുടെ ജീവിതത്തില്‍ സമൃദ്ധി കൊണ്ടുവരുന്ന പ്രകാശം. നൂറു വര്‍ഷം മുമ്പ് ഗാന്ധിജി ഒരു ജനമുന്നേറ്റം ആരംഭിച്ചിരുന്നു. ഇതിന്റെ ലക്ഷ്യം ഭാരതീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. സ്വാശ്രയത്വം നേടുന്നതിനുള്ള ഈ വഴിയാണ് ഗാന്ധിജി കാട്ടിത്തന്നത്, മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം സൂര്യഗ്രഹണം വീക്ഷിച്ചതിന്റെ വിശേഷങ്ങളും മോദി പങ്കുവച്ചു. സൂര്യനെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് ആദിത്യ എന്നു പേരുള്ള ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ എന്നും മോദി പറഞ്ഞു.
















