കോതമംഗലം: കുട്ടമ്പുഴ കുഞ്ചിപ്പാറ വനവാസി കോളനിയില്‍ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്നത് അയല്‍വാസികള്‍. നഗരത്തിലെ ആശുപത്രിയിലെത്തിക്കാന്‍ യതൊരുമാര്‍ഗവുമില്ലത്തതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായത്. പ്രദേശത്ത് ആംബുലന്‍സിനു പോലും എത്താന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ട്.
കുഞ്ചിപ്പാറ വനവാസി കോളനിയിലെ സോമനാണ്(42) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കോതമംഗലം ആശുപത്രിയിലെത്തിക്കുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ മൃതദേഹവുമായി മൂന്ന് കിലോമീറ്ററോളം ദൂരം നടന്നത്. പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകളൊന്നും കോളനിയിലേക്ക് വരാറില്ല. വല്ലപ്പോഴും ഈ വഴി വരാറുള്ള ജീപ്പുകളാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം.
പായയില്‍ കെട്ടിപൊതിഞ്ഞ മൃതദേഹം മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ച ശേഷം അവിടെനിന്ന് ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പിലാണ് കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലേക്കും. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയില്‍ വെള്ളംനിറഞ്ഞാല്‍ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്‌കരമാകും. ഇതോടെ കോളനിക്കാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും പതിവ് സംഭവമാണ്.
















