തിരുവനന്തപുരം: അധ്യാപകരോ പഠന സംവിധാനമോ ഇല്ലാത്ത വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് കൈമാറി. കുട്ടികളെ ഏതൊക്കെ കോളേജുകളിലേക്കാണ് മാറ്റുന്നത് എന്നതടക്കമുള്ള വിശദാംശം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കാനും നിര്‍ദേശം. ഇതിനുള്ള കത്ത് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. ഏറെക്കാലമായുള്ള സമരങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കും ഇതോടെ വിരമാമായി. കോളേജിന് നേരത്തെ തന്നെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചാണ് കോളേജില്‍ പഠനം തുടര്‍ന്നത്. അധ്യാപകരോ ലാബോ പോലുമില്ലാത്ത കോളേജില്‍ പഠനം നടക്കുന്നില്ലെന്നും തങ്ങളെ മറ്റ് കോളേജുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് 2016ല്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗവര്‍ണറെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കോളേജിനൊപ്പം നിന്ന് പലപ്പോഴും അന്വേഷണം അട്ടിമറിച്ചു.
ഒക്ടോബര്‍ 31ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിവന്നു. തുടര്‍ന്ന് നവംബര്‍ 13ന് മെഡിക്കല്‍ കൗണ്‍സില്‍, സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ സര്‍വകലാശാല, എസ്ആര്‍ മെഡിക്കല്‍ കോളേജ്, പരാതിക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ കോളേജില്‍ പരിശോധന നടത്തി.
ഇതില്‍ അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന് കണ്ടെത്തി. പണം നല്‍കി പുറത്ത് നിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ പുനരര്‍വിന്യാസം നടത്താന്‍ തീരുമാനിച്ചത്. ഇതോടൊപ്പം കോളേജിന്റെ അനിവാര്യതാപത്രം റദ്ദാക്കാനും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ആരോഗ്യ സര്‍വകലാശാലയില്‍ അടക്കം അഴിമതി നടത്തി വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിനെ സംരക്ഷിക്കുന്ന വിവരം ജന്മഭൂമി പുറത്തുവിട്ടിരുന്നു.
















