തിരുവനന്തപുരം: ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ പി.രാമകൃഷ്ണന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിനില്ല എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് എതിരെയാണ് സ്പീക്കറിന്റെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം.
ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് എന്നാല്‍ ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അതിന്റെ അന്തസത്തക്ക് നിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നിയമസഭ മന്ദിരത്തില്‍ ലോക കേരളസഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ആയിരുന്നു ഗവര്‍ണറിനെ ലക്ഷ്യംവെച്ചുള്ള പി. രാമകൃഷ്ണന്റെ പരോഷപ്രതികരണം.
അതേസമയം കണ്ണൂരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനായി എത്തിയ ഗവര്‍ണറെ ഒരു വിഭാഗം പ്രതിനിധികള്‍ അവഹേളിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഗവര്‍ണര്‍ക്ക് നേരേ തിരിഞ്ഞവരെ നീക്കം ചെയ്യാന്‍ പോലീസ് എത്തിയെങ്കിലും കെ.കെ രാകേഷ് എം.പിയും സിപിഎം നേതാക്കളും ചേര്‍ന്ന് അവരെ തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലീസ് കസ്റ്റഡിയിലാണ്. ജെഎന്‍യു, ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് ഗവര്‍ണര്‍ക്കെതിരെ സിപിഎം പിന്തുണയോടെ പ്രതിഷേധമുയര്‍ത്തിയത്.















