കോഴിക്കോട്: ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെ കേരള ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് കാരണം പോലീസിന്റെ സുരക്ഷാ വീഴ്ചയെന്ന് ബിജെപി. ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അറിയാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
ഗവര്‍ണര്‍ കണ്ണൂരിലെത്തിയപ്പോള്‍ മുതല്‍ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. രാഷ്‌ട്രപതി നിയമിച്ചതാണ് ഗവര്‍ണറെ. അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍, സുരക്ഷയൊരുക്കാന്‍ കേന്ദ്രം ഇടപെടും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകണമെന്ന് തങ്ങള്‍ ആഗ്രഹമില്ലെന്നും എംടി രമേശ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിക്ക് കേരളത്തില്‍ നിര്‍ബാധം സഞ്ചരിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ലെങ്കില്‍, സ്വാഭാവികമായിട്ടും കേന്ദ്രം അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. സുരക്ഷാ വീഴ്ചയില്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണം. അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും അദേഹം ആവശ്യപ്പെട്ടു.
അതേസമതം, കണ്ണൂര്‍ സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ വിളിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടിയുടെ എല്ലാ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കാനും അദേഹത്തോട് നിര്‍ദേശിച്ചു. നേരത്തെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണറെ പ്രതിനിധികളില്‍ ഒരു വിഭാഗം അവഹേളിച്ചു. ഇതിനെ തുടര്‍ന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ വിസിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ചരിത്ര കോണ്‍ഗ്രസിനെത്തിയ പ്രതിനിധികള്‍ക്ക് അസഹിഷ്ണുതയാണെന്നും അദേഹം പറഞ്ഞു.
ചടങ്ങില്‍ പൗരത്വഭേദഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ പ്രസംഗം തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു. ജെഎന്‍യു, ജാമിയ, അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നുള്ളവരാണ് ഗവര്‍ണര്‍ക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇവരില്‍ നാലു പേരെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ച പോലീസുകാരെ കെ.കെ രാഗേഷ് എംപിയും സിപിഎം നേതാക്കളും കൂടി പിന്തിരിപ്പിച്ചു. ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താന്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയും ഇടപെട്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















