ഇരിട്ടി: ആഡംബര കാറില്‍ കടത്തുകയായിരുന്ന നാലു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. പേരാവൂര്‍ മുരിങ്ങോടി സ്വദേശി ചെന്നംവലിയത്ത് സി. കബീര്‍ (27)ആണ് അറസ്റ്റിലായത്. ഇരിട്ടി എസ്‌ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പുന്നാട് ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ കയറ്റിപോവുകയായിരുന്ന കാറുമായി യുവാവ് പിടിയിലാവുന്നത്.
കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്ന ഹാന്‍സ്, കൂള്‍ലിപ്പ് തുടങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിക്കപ്പെട്ടത്. വിദേശത്തായിരുന്ന കബീര്‍ ഇവിടെ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷം ആഡംബര കാറില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കര്‍ണ്ണാടകത്തില്‍ 14 രൂപ മാത്രം വിലവരുന്ന ലഹരി വസ്തുക്കളുടെ പാക്കറ്റ് 40 രൂപയ്‌ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കിവരുന്നതായും സൂചനയുണ്ട്.
















