തലയോലപ്പറമ്പ്: ബാങ്കില്‍ നിന്നും എടുത്ത വായ്‌പ കുടിശികയായി ജപ്തി നടപടികളിലേയ്‌ക്ക് നീങ്ങിയതിന്റെ മനോവിഷമത്തില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.തലയോലപ്പറമ്പ് പൈനാപ്പള്ളില്‍ പി.രാജപ്പന്‍ (78) ആണ് മരിച്ചത്.
വൈക്കം അര്‍ബന്‍ ബാങ്കില്‍ നിന്നും ഏഴ് വര്‍ഷം മുന്‍പ് 10 ലക്ഷം രൂപ വായ്‌പ എടുക്കുന്നതിന് കിടപ്പാടം ഉള്‍പ്പടെയുള്ള വസ്തു ഈട് നല്‍കിയിരുന്നു.പല തവണകളിലായി എട്ട് ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നു. തുടര്‍ച്ചയായി ഉണ്ടായ രണ്ട് പ്രളയത്തില്‍ ഇദ്ദേഹത്തിന്റെ വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ പൂര്‍ണ്ണമായി നശിച്ചതിനെ തുടര്‍ന്ന് വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. തുടര്‍ന്ന് 12 ഗഡുക്കളായി വായ്‌പ തിരിച്ചടക്കുന്നതിന് കോടതി ഉത്തരവ് ഉണ്ടായിരുന്നു.
ഡിസംബര്‍ മാസം ആദ്യം ആദ്യ ഗഡു അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 13ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ എത്തി ജപ്തി നോട്ടീസ് പതിച്ച് മടങ്ങുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെ ബുധനാഴ്ച ഉച്ചയ്‌ക്ക് ഒന്നോടെ മരിച്ചു.
ഭാര്യ: ലീല തോട്ടകം വാതശ്ശേരില്‍ കുടുംബാംഗം.മക്കള്‍:പി.ആര്‍ സുനില്‍, മഞ്ജു, രഞ്ജു. മരുമക്കള്‍:ദീപ്തി (ഏനാദി), ബൈജു (തലയോലപ്പറമ്പ്), സുരേഷ് (ഇറുമ്പയം).
















