ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഗുണനിലവാര പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായി. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കേന്ദസര്‍ക്കാര്‍ വിഹിതം സംസ്ഥാനത്തിന് ലഭ്യമായിരുന്നില്ല. തൊഴിലാളികള്‍ക്കിടയില്‍ കേന്ദ്രത്തിന് എതിരായ വികാരം ഇളക്കിവിടാനായിരുന്നു സര്‍ക്കാരും, ഇടതുപക്ഷവും ശ്രമിച്ചത്. എന്നാല്‍, കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നതോടെയാണ് ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യുന്ന ജോലികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പുറത്തു നിന്ന് ക്വാളിറ്റി മോണിറ്റര്‍മാരെ നിയമിക്കാന്‍ ഒടുവില്‍ നടപടിയായി. നിലവിലെ ജീവനക്കാരെക്കൊണ്ട് ജോലികളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. ക്വാളിറ്റി മോണിറ്റര്‍മാര്‍ തസ്തികയില്‍ പരിശോധനയ്ക്കായി ഓരോ ജില്ലയിലും പത്തു പേരെ വീതമാണ് നിയമിക്കുന്നത്. സംസ്ഥനമൊട്ടാകെ 140 പേരെയാണ് നിയമിക്കുക.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജോലിചെയ്തിരുന്നവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുക. സിവില്‍, അഗ്രിക്കള്‍ച്ചര്‍, എന്‍ജിനീയറിങ് ബിരുദധാരികളായിരിക്കണം. തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം, ജലസേചനം, കൃഷി, മണ്ണുസംരക്ഷണം, പൊതുമരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്തിരുന്നവരെയും നിയമിക്കും. പരിശോധന നടത്തുന്ന ദിവസങ്ങളില്‍ 1425 രൂപ വേതനമായി നല്‍കും.
കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാനാകാത്തതുമാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകാനിടയാക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പോലും വീഴ്ചകളുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാന തൊഴിലുറപ്പ് മിഷന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ട്, സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്, ഫിനാന്‍സ് റിപ്പോര്‍ട്ട് തുടങ്ങിയവ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചു. എന്നാല്‍, ഇതൊക്കെ മറച്ചുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ പോകുന്നെന്ന കുപ്രചാരണമാണ് സംസ്ഥാന സര്‍ക്കാരും ഇടതുപാര്‍ട്ടികളും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: