ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണ സംസ്ഥാനമായ മധ്യപ്രദേശില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് 28 ലക്ഷമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഇതേ കാലയളവില്‍ 34,000 യുവാക്കള്‍ക്ക് ജോലി ലഭിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് നിയമസഭയില്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷിച്ച് യുവാക്കള്‍ വന്‍തോതില്‍ എംപ്ലോയിമെന്റ എക്‌സ്‌ചെന്‍ഞ്ചില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ വര്‍ധനവിനു കാരണമെന്ന് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ന്യായികരിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രതിമാസം 4,000 രൂപ തൊഴിലില്ലായ്‌മ അലവന്‍സ് നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് തൊഴിലില്ലാത്ത യുവാക്കളെ കൂടുതലായി രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സംസ്ഥാനത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി. എന്നാല്‍, ഇതുവരെ ഈ വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുമില്ല. ഈ വര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനത്തില്‍ ഇക്കാര്യ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2018 ഒക്ടോബറില്‍ മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാഭ്യാസമുള്ള തൊഴിലില്ലാത്തവരുടെ എണ്ണം 20,77,222 ആയിരുന്നു. എന്നാല്‍, 2019 ഒക്ടോബറില്‍ ഈ സംഖ്യ 27,79,725 വര്‍ധിച്ചെന്നും കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് പറയുമ്പോഴാണ് ഈ സംഖ്യയ്‌ക്ക് പ്രസക്തിയേറുന്നത്. പുതിയ സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ വര്‍ധിക്കുകയാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന വക്താവ് രജനീഷ് അഗര്‍വാള്‍ കുറ്റപെടുത്തി.
കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത തൊഴിലില്ലായ്‌മ അലവന്‍സ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് യുവാക്കള്‍ക്ക് അറിയാം. സംസ്ഥാന സര്‍ക്കാരില്‍ മാത്രം 3 ലക്ഷത്തോളം ഒഴിവുകളാണുള്ളത്തെന്നും ഈ തസ്തികകള്‍ നിറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.
















