ശബരിമല: സന്നിധാനത്തും പമ്പയിലും ശബരിമലയുടെ ശരണപാതകളിലും തിരക്കേറിയതോടെ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മണ്ഡലകാല പൂജയ്‌ക്ക് നടയടയ്‌ക്കാന്‍ നാലു ദിവസം ശേഷിക്കെ സന്നിധാനവും പരിസരവും തീര്‍ത്ഥാടകരെകൊണ്ട് നിറഞ്ഞു.
കാനന പാതകളില്‍ പുല്‍മേട് വഴിയും, പരമ്പരാഗത പാതയായ എരുമേലി-കരിമല വഴിയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് ഒഴുകുകയാണ്. ഇതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എരുമേലി, തുലാപ്പള്ളി, നാറാണംതോട്, പത്തനംതിട്ട, വടശ്ശേരിക്കര, ളാഹ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇന്നലെ മൂന്ന് മണിക്ക് പമ്പയില്‍ നിന്ന് കയറിയ തീര്‍ത്ഥാടകര്‍ ഹരിവരാസനത്തിന് ശേഷമാണ് സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയത്.
പ്രധാന ഇടത്താവളമായ നിലയ്‌ക്കലും പരിസരവും വാഹനങ്ങള്‍കൊണ്ട് തിങ്ങിനിറഞ്ഞതോടെയാണ് മറ്റ് ഇടത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. പത്തനംതിട്ടയില്‍ നിന്ന് ഇന്നലെ രാവിലെ ഏഴിന് പുറപ്പെട്ട വാഹനം ഉച്ചയ്‌ക്ക് 12ന് ശേഷമാണ് പമ്പയിലെത്തിയത്. വൈകിട്ട് നാലു മുതല്‍ നിലയ്‌ക്കലില്‍ എല്ലാ വാഹനങ്ങളും തടഞ്ഞു.
സൂര്യഗ്രഹണദിവസമായ 26ന് നാല് മണിക്കൂറിലധികം സമയം നട അടച്ചിടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ ദിവസം രാവിലെ 5.30 മുതല്‍ വൈകിട്ട് അഞ്ചു വരെ കെഎസ്ആര്‍ടിസി ബസുകള്‍ നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടില്ല. പമ്പയില്‍നിന്ന് ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കും. പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിലേക്ക് മാത്രമെ സര്‍വീസ് നടത്തു.
















