വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്നവരെ നാടുകടത്തിത്തുടങ്ങി. അമേരിക്കയില്‍ അഭയം തേടിയ, എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടവരെയാണ് തിരിച്ചയ്‌ക്കുന്നതെന്ന് യുഎസ്, ഗ്വാട്ടിമാലന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അരിസോണയിലെ ട്യൂസണില്‍ നിന്ന് മെക്‌സിക്കോയിലേക്ക് നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള വിമാനം മെക്‌സിക്കന്‍ നഗരമായ ഗ്വാഡലജാറയില്‍ എത്തി. നിയമവിരുദ്ധ കുടിയേറ്റം തടയുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 2019ല്‍ 150,000 മെക്‌സിക്കന്‍ അവിവാഹിതരെയാണ് അതിര്‍ത്തിയില്‍ പിടികൂടിയത്. നിയമം കര്‍ക്കശമാക്കിയതോടെ ഈ വര്‍ഷം കുടിയേറ്റം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.
അമേരിക്കയില്‍ കടന്നുകയറുന്നവരില്‍ പകുതിയും മെക്‌സിക്കോക്കാരാണ്. ഇവരില്‍ അപേക്ഷിക്കുന്ന കുറച്ചുപേര്‍ക്ക് അഭയം നല്‍കുമെങ്കിലും ബാക്കിയുള്ളവര്‍ അനധികൃത കുടിയേറ്റക്കാരായി യുഎസ് അധികൃതര്‍ക്ക് തലവേദനയായി തുടരുകയാണ് പതിവ്. ഇവരെ മടക്കി അയച്ചു തുടങ്ങിയിരിക്കുകയാണ് അമേരിക്ക.
















