ന്യൂദല്‍ഹി: മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ഇടത്-ജിഹാദി കൂട്ടുകെട്ട് ദല്‍ഹിയില്‍ വീണ്ടും കലാപത്തിന് ശ്രമിച്ചെങ്കിലും പോലീസിന്റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് പരാജയപ്പെട്ടു. വെള്ളിയാഴ്ച ദല്‍ഹി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവുകളിലേക്കിറക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ദല്‍ഹി ജുമാ മസ്ജിദിന് സമീപത്തുനിന്ന് പുറത്തേക്ക് കടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. മുസ്ലിം വിശ്വാസികള്‍ക്കിടയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംഘവും നുഴഞ്ഞുകയറിയായിരുന്നു പ്രതിഷേധം. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിശ്വാസികളുടെ ഇടയിലൂടെ ഇയാള്‍ രക്ഷപ്പെട്ടു.
ജുമാ മസ്ജിദില്‍ നിന്ന് ജന്ദര്‍മന്ദിറിലേക്ക് ഭീം ആര്‍മി പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞെത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കയറി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ആരംഭിച്ചത്. മുസ്ലിം മത നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി അവരുടെ അനുമതിയോടെ ചന്ദ്രശേഖര്‍ ആസാദിനെ അവിടെ നിന്നും പിടികൂടിയെങ്കിലും ഇയാള്‍ പോലീസ് പിടിവിടുവിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് ഓടി മറയുകയായിരുന്നു.
കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ ദല്‍ഹിയിലെ സീലംപൂരില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായി. അക്രമികള്‍ സംഘടിച്ചെത്തി പോലീസിനെ അക്രമിച്ചു. കല്ലേറില്‍ ഷാദ്ര ഡിസിപി രാജ്ബീര്‍ സിങ് അടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പഴയ ദല്‍ഹിയിലെ ദരിയാഗഞ്ചില്‍ അക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുകയും പോലീസിന് നേര്‍ക്ക് കല്ലേറ് നടത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് 45 മണിക്കൂര്‍ നേരത്തേക്ക് വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അക്രമങ്ങള്‍ നടത്തിയ 150 പേരെ വിവിധ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ലഖ്‌നൗ പോലീസ് അറിയിച്ചു.
അക്രമികള്‍ക്ക് വേണ്ട ഒത്താശ ചെയ്ത സമാജ് വാദി പാര്‍ട്ടി നേതാക്കളെ അടക്കം പ്രതിചേര്‍ത്ത് നിരവധി എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുലന്ദ്ഷഹര്‍, മുസാഫര്‍നഗര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും അക്രമിസംഘങ്ങള്‍ വലിയ തോതില്‍ അക്രമങ്ങളഴിച്ചുവിട്ടു.
















