പമ്പ
മനുഷ്യപുത്രനായി പിറന്നത് പമ്പയില്‍. നായാട്ടിനായി എത്തിയ പന്തളം രാജാവിന് മണികണ്ഠനെ കിട്ടിയത് പമ്പാതീരത്തുനിന്ന്
നാലുകെട്ട് കൊട്ടാരം
വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് മണികണ്ഠന് വളര്‍ന്ന പന്തളം നാലുകെട്ട് കൊട്ടാരം. മണികണ്ഠ സാന്നിധ്യമുള്ള പൂജാമുറിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ശ്രാമ്പിക്കല്‍ കൊട്ടാരം
മകര സംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വൃശ്ചികം ഒന്ന് മുതല്‍ എല്ലാ ദിവസവും ഭക്തജനങ്ങള്‍ക്ക് ഇവിടെയെത്തി തിരുവാഭരണം കണ്ടുതൊഴാം.
കൈപ്പുഴ കൊട്ടാരം
അയ്യപ്പക്ഷേത്രത്തിന്റെ മറുകരയിലാണ് കൈപ്പുഴ കൊട്ടാരം. നാലുകെട്ട് കൊട്ടാരത്തില്‍ പുരുഷന്മാരായിരുന്നെങ്കില്‍ കൈപ്പുഴ കൊട്ടാരത്തില്‍ തമ്പുരാട്ടിമാരായിരുന്നു താമസിച്ചിരുന്നത്. ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന വലിയ തമ്പുരാന്റെ പ്രതിനിധി അന്നേദിവസം കൈപ്പുഴ കൊട്ടാരത്തിലെത്തി വലിയ തമ്പുരാട്ടി നല്കുന്ന ഭക്ഷണം കഴിക്കും. മണ്ണടി ഭഗവതിയെ വണങ്ങി ഉടവാള് ദേവിക്ക് സമര്‍പ്പിക്കും. പിന്നീട് കൊച്ചുകോയിക്കലെ വലിയ തമ്പുരാട്ടി ഉടവാള് തമ്പുരാനെ ഏല്‍പ്പിക്കും. ഉടവാള് സ്വീകരിച്ച് കൊട്ടാരത്തിലെ പതിനെട്ടാംപടി ഇറങ്ങിയാണ് രാജപ്രതിനിധി യാത്രതുടരുന്നത്.
വലിയ കോയിക്കല്‍ ക്ഷേത്രം
പന്തളം രാജാവിനും കുടുംബാംഗങ്ങള്‍ക്കും അയ്യപ്പനെ നിത്യവും ആരാധിക്കുന്നതിനായി നിര്‍മിച്ച തേവാരപ്പുരയാണ് വലിയ കോയിക്കല്‍ ശാസ്താക്ഷേത്രം. തിരുവാഭരണങ്ങള്‍ ഘോഷയാത്രയായി ശബരിമലയ്ക്ക് പുറപ്പെടുന്നതും ഇവിടെനിന്നാണ്.
മണികണ്ഠന് ആല്‍ത്തറ
അമ്മയുടെ രോഗംമാറ്റാന്‍ കാട്ടില്‍നിന്ന് പുലിക്കൂട്ടവുമായി എത്തിയ മണികണ്ഠന് ഇരുന്നുവിശ്രമിച്ച സ്ഥലമാണ് മണികണ്ഠന് ആല്ത്തറയെന്ന് പറയപ്പെടുന്നു.
ഗുരുനാഥന് മകുടി
അയ്യപ്പന് ആയോധനകലകള്‍ പഠിച്ച ഗുരുകുലമാണ് ഗുരുനാഥന് മകുടി. അന്ധനും മൂകനുമായ ഗുരുപുത്രന് കാഴ്ചശക്തിയും സംസാരശേഷിയും മണികണ്ഠന് നല്കിയതും ഇവിടെയാണെന്ന് വിശ്വസിക്കുന്നു. പന്തളം കൊട്ടാരത്തില്‍നിന്ന് അല്‍പ്പമകലെ കുളനട- പത്തനംതിട്ട റോഡിന് സമീപത്തെ കുന്നിന്മുകളിലാണ് ഈ സ്ഥലം.
പുലിക്കുന്നില്‍ ശാസ്താവ്
മണികണ്ഠന് പുലിക്കൂട്ടങ്ങളുമായി എത്തിയപ്പോള്‍ ജനങ്ങള്‍ ഭയന്നു. പന്തളം രാജാവ് ജനങ്ങളുടെ ഭീതിയകറ്റാന്‍ അപേക്ഷിച്ചു. മണികണ്ഠന് പുലിക്കൂട്ടങ്ങളുമായി തൊട്ടടുത്ത കുന്നിന്മുകളിലെത്തി. ഇവിടെയാണ് പുലിക്കുന്നില്‍ ശാസ്താ ക്ഷേത്രം. വേട്ടയ്ക്കൊരുമകന്റെ പ്രതിഷ്ഠയാണിവിടെ.
ചീരപ്പന്‍ചിറ
ചേരനാട്ടിലെ നാടുവാഴികളുടെ പ്രത്യേക ക്ഷണപ്രകാരം കരപ്പുറത്തേക്ക് കുടിയേറിയവരാണ് ചീരപ്പന്‍ചിറക്കാര്‍. പൂഴിയങ്കം പഠിക്കാന്‍ മണികണ്ഠനെ പന്തളം രാജാവ് ചീരപ്പന്‍ ചിറയിലേക്കാണ് അയച്ചത്.
അമ്പാടത്ത് മാളിക.
പടയന്വേഷിച്ചുനടന്ന കാലത്ത് അയ്യപ്പന് ആലങ്ങാട്ട് ചെന്നതായി പറയുന്നു. ആലങ്ങാട്ട് കുടുംബത്തിന് അയ്യപ്പന് നല്കിയ മുദ്രവടിയും ഭസ്മസഞ്ചിയും അമ്പാടത്ത് മാളികയില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മഞ്ഞപ്രയിലാണ് അമ്പാടത്ത് മാളിക.
പുറക്കാട്ട് കടപ്പുറം
കരുനാഗപ്പള്ളിയ്ക്കടുത്താണ് പുറക്കാട്ട് കടപ്പുറം ഇവിടെവച്ചാണ് വാവരെ അയ്യപ്പസ്വാമി തന്റെ ഇഷ്ട അനുചരനാക്കിമാറ്റിയത്.
പുത്തന്‍വീട്
മഹിഷീനിഗ്രഹത്തിനായി അവതാരമെടുത്ത മണികണ്ഠന്റെ നിയോഗത്തിന് സാക്ഷിയാണ് എരുമേലിയിലെ പുത്തന്‍വീട്. രാത്രിയില്‍ വിശന്നെത്തിയ മണികണ്ഠന് പുത്തന്‍വീട്ടിലെ മുത്തശ്ശി മലര്നല്കി. മഹിഷിയെ നിഗ്രഹിക്കാന്‍ ഉപയോഗിച്ച വാള് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: