കട്ടക്ക്: വിന്‍ഡീസിനെതിരായ കലാശപ്പോരിന് തയ്യാറെടുക്കാനായി വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം ഇന്നലെ അവധി എടുത്തു. പരിശീലനത്തില്‍ നിന്ന വിട്ടുനിന്ന കളിക്കാര്‍ ഹോട്ടലില്‍ ആടിതിമിര്‍ത്തു. ബരാബതി സ്‌റ്റേഡിയത്തില്‍ നാളെയാണ് നിര്‍ണായമായ മൂന്നാം അങ്കം. വിജയികള്‍ക്ക്് ഏകദിന പരമ്പര സ്വന്തമാകും. നിലവില്‍ പരമ്പര സമനില(1-1)യാണ്.
ഫൈനലിന് തയ്യാറെടുക്കാനായി ഇന്നലെ ടീം മാനേജ്‌മെന്റ് നല്‍കിയ അവധി കളിക്കാര്‍ ശരിക്കും ആഘോഷിച്ചു. നായകന്‍ വിരാട് കോഹ് ലിക്കൊപ്പം ഋഷഭ് പന്ത്, മനീഷ് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, യുസ്‌വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവര്‍ ഒത്തുകൂടി. എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കോഹ്‌ലി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
പരമ്പര വിജയം നിര്‍ണയിക്കുന്ന മൂന്നാം മത്സരത്തിനായി ഇന്ത്യന്‍ ടീം വ്യാഴാഴ്ച കട്ടക്കിലെത്തി. ടീമംഗങ്ങള്‍ക്ക് ഹോട്ടലില്‍ പ്രത്യേക സ്വീകരണം നല്‍കി. ഇന്ത്യക്ക് പിന്നാലെ വിന്‍ഡീസ് ടീമും എത്തിച്ചേര്‍ന്നു.ഇന്ത്യന്‍ പേസര്‍ ദീപക് ചഹാര്‍ മൂന്നാം മത്സരത്തില്‍ കളിക്കില്ല. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിനുശേഷം പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പിന്മാറിയത്. പകരം ദല്‍ഹി പേസര്‍ നവ്ദീപ് സെയ്‌നിയെ ടീമിലുള്‍പ്പെടുത്തി.
















