കൊല്‍ക്കത്ത: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) വിസമ്മതിച്ചതിന്റെ കാരണം പരിശോധിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ആദ്യം കാരണമെന്താണെന്ന് മനസ്സിലാക്കണം. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ആദ്യ വാക്കും അവസാന വാക്കും ദേശീയ ക്രിക്കറ്റ് അക്കാദമിയാണ്.
എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിക്കേണ്ടതുണ്ട്. കാരണം കണ്ടെത്തി തങ്ങള്‍ ഒന്നിച്ച് പരിഹരിക്കുമെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ ബുംറ ഫിറ്റ്‌നസ് ടെസ്റ്റിനായി എന്‍സിഎ ആസ്ഥാനത്ത് സമീപിച്ചെങ്കിലും ദ്രാവിഡ് നേരിട്ട് വിസമ്മതം അറിയിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ബുംറ ട്രെയ്‌നിങ്ങിനായി എന്‍സിഎ സൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. സ്വന്തമായി ട്രെയ്‌നറെ നിയോഗിച്ച് പരിശീലനം നടത്തിയ ബുംറക്ക് എന്‍സിഎ എങ്ങനെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്നാണ് അധികൃതരുടെ ചോദ്യം. ദ്രാവിഡിന് പുറമെ എന്‍സിഎ ഫിസിക്കല്‍ ട്രെയ്‌നറും ബുംറയുടെ ഫിറ്റ്‌നസ് പരിശോധന നടത്താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
നിയമം അനുസരിച്ച് ദേശീയ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ എന്‍സിഎയില്‍ ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബുംറ എന്‍സിഎയില്‍ ഫിറ്റ്‌നസ് പരിശോധനയ്്ക്കായി എത്തിയത്.
ദ്രാവിഡിനെ എന്‍സിഎ ഡയറക്ടറാക്കിയത് സ്ഥാപനം കൂടുതല്‍ നന്നായി മുന്നോട്ടുകൊണ്ടുപോകാനാണ്. അദ്ദേഹത്തില്‍ വലിയ വിശ്വാസമുണ്ട്. ദ്രാവിഡുമായി സംസാരിച്ച് കൃത്യമായ തീരുമാനം ഒരാഴ്ചക്കുള്ളില്‍ എടുക്കുമെന്നും ഗാംഗുലി പറഞ്ഞു.
















