കൊച്ചി: എറണാകുളം നഗരത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് പിടികിട്ടാപ്പുള്ളി. എസ്എഫ്‌ഐ നേതാവായ പി. ആര്‍ അര്‍ഷോവാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയത്. മഹാരാജാസ് കോളേജില്‍ നിന്നും റിസര്‍വ് ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പിടികിട്ടാപ്പുള്ളിയെ കണ്‍മുന്നില്‍ കിട്ടിയിട്ടും പോലീസ് ഇയാള്‍ക്ക് അകമ്പടി നല്‍കുകയാണ് ഉണ്ടായത്.
കെഎസ്യു നേതാവിനെ മഹാരാജാസ്, ഗവ.ലോ കോളജ് ഹോസ്റ്റലുകളില്‍ പൂട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പോലീസ് തിരയുന്ന മുഖ്യ പ്രതിയാണ് അര്‍ഷോവ്. ഈ മാസം മൂന്നിനാണ് ഈ സംഭവം അരങ്ങേറിയത്. തുടര്‍ന്ന് കേസെടുത്തതോടെ അര്‍ഷോവ് ഒളിവില്‍ പോവുകയായിരുന്നു. അതിനുശേഷം ബുധനാഴ്ച നടന്ന മാര്‍ച്ചിലാണ് പൊങ്ങുന്നത്. മൂന്ന് വധ ശ്രമങ്ങള്‍ ഉള്‍പ്പടെ 33 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൂടാതെ ലോ കോളേജ് കേന്ദ്രീകരിച്ചു നടക്കുന്ന അക്രമ സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഇയാള്‍.
ലോ കോളേജ് റീ അഡ്മിഷന്‍ നേടി ഇയാള്‍ ആറാം വര്‍ഷത്തിലും വിദ്യാര്‍ത്ഥിയായി തുടരുകയാണ്. കോളേജ് ഹോസ്റ്റലുകളും ഇയാളുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കെഎസ്യു നേതാവായ അജാസിനെ ആക്രമിച്ച കേസില്‍ കൂട്ടു പ്രതികളായ ജിതിന്‍, നിഖില്‍ മധു, അര്‍ജുന്‍ എന്നിവരെയും ഇതുവരെ പോലീസ് പിടികൂടിയില്ല. ഇവരും ഇന്നലെ മാര്‍ച്ചിലുണ്ടായിരുന്നതായാണ് വിവരം. മുന്‍ കെഎസ്യു നേതാവായ അഭിഭാഷകനെ പാതിരാത്രിയില്‍ വീടുകയറി ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയതിനു പിന്നാലെയാണ് അര്‍ഷോവിനു ജില്ലാ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയത്.
















