ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലെ പണപ്പിരിവിനെ ചൊല്ലി തര്‍ക്കം. ഏഴു കോടി രൂപ പിരിച്ചെന്നും ഈ പണം എന്തു ചെയ്തെന്ന് അറിയില്ലെന്നും സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചു. ആരെല്ലാമാണ് ട്രസ്റ്റിലുള്ളതെന്നും ഇവരെ പണം പിരിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്നും അറിയില്ല. പണത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു.
അച്ഛന് പി. ലങ്കേഷും സഹോദരി ഗൗരി ലങ്കേഷും ജീവിതത്തില്‍ ആരുടെയും കൈയില്‍ നിന്ന് സംഭാവന വാങ്ങിയിട്ടില്ല. ഇരുവരും അതിനെതിരായിരുന്നു. തനിക്കും അതേ നിലപാടാണ്. ഗൗരിയുടെ മരണത്തിനു ശേഷം ചിലര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ചു, പിന്നീട് ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവും നടത്തി. ഇവര്‍ എന്തിനാണ് പണം പിരിച്ചതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. നല്ലകാര്യത്തിനാണെങ്കില്‍ സന്തോഷമുണ്ട്. പണം ദുരുപയോഗം ചെയ്തെങ്കില്‍ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു.
നിരവധി പേര് പണം നല്‍കിയതായി തന്നെ ഫോണ്‍ ചെയ്തു പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും ഇന്ദ്രജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഇന്ദ്രജിത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വാദവുമായി ട്രസ്റ്റ് അംഗവും ഗൗരി ലങ്കേഷിന്റെ സഹോദരിയുമായ കവിത ലങ്കേഷും, ട്രസ്റ്റ് ട്രഷററും രംഗത്തെത്തി.
അതേസമയം, കവിതയും ട്രസ്റ്റ് ട്രഷററും പുറത്തുവിട്ട കണക്കില്‍ വലിയ പൊരുത്തക്കേടുണ്ട്. ഒരുലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചതെന്നും ട്രസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു കവിതയുടെ പ്രതികരണം. ട്രഷറര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇതുവരെ പത്തു ലക്ഷം രൂപയോളം ലഭിച്ചെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കുറച്ചുപണം രണ്ടു പരിപാടികള്‍ക്ക് ചെലവായി. ജനുവരി 29ന് ഗൗരിയുടെ ജന്മദിനാഘോഷത്തില് ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും ട്രഷറര്‍ വ്യക്തമാക്കുന്നു.
ഗൗരി ലങ്കേഷിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പാണ് ഗൗരി ലങ്കേഷ് മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇടതു-പുരോഗമനവാദികളായിരുന്നു ഇതിനു പിന്നില്‍. ട്രസ്റ്റ് സെക്രട്ടറിയും മാവോയിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ദൊഡ്ഡിപാളയ നരസിംഹമൂര്‍ത്തിയെ കൊലപാതക ശ്രമം, കൊള്ള തുടങ്ങിയ കേസുകളില്‍ കഴിഞ്ഞ ഒക്ടോബറില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
നക്സല്‍ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ 1994ല്‍ ചില കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ഒളിവില്‍പോയി. റെയ്ച്ചൂരില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ നരസിംഹമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കോടതി നിരവധി അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: