തിരുവനന്തപുരം: അന്താരാഷ്‌ട്ര ഡിജിറ്റല്‍ ഉച്ചകോടിയുടെ രണ്ടാം പതിപ്പായ ഫ്യൂച്ചര്‍ 2020 ഏപ്രില്‍ രണ്ടിനും മൂന്നിനുംകൊച്ചിയില്‍. ഡിജിറ്റല്‍, ബിസിനസ് മേഖലകളിലെ മുപ്പത്തഞ്ചോളം പ്രമുഖരും രണ്ടായിരത്തിയഞ്ഞൂറോളം പ്രതിനിധികളും പങ്കെടുക്കും. ഐടി, ഐടി അധിഷ്ഠിത വിജ്ഞാനമേഖലയില്‍ കേരളത്തിന്റെ സ്ഥാനമുറപ്പിക്കുകയും കൂടുതല്‍ നിക്ഷേപമെത്തിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഉന്നതാധികാര ഡിജിറ്റല്‍ ഉപദേശക സമിതി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകോടിയുടെ വെബ്‌സൈറ്റിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ഉന്നതാധികാര ഡിജിറ്റല്‍ ഉപദേശക സമിതി അംഗവും ഫ്യൂച്ചര്‍ 2020ന്റെ കണ്‍വീനറുമായ വി.കെ. മാത്യൂസും ഐടി ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി എം. ശിവശങ്കറും സംസാരിച്ചു.















