ശ്ലോകം 9
ഉദ്ധരേത്മനാത്മാനം
മഗ്നം സംസാര വാരിധൗ
യോഗാരൂഢത്വമാസാദ്യ
സമ്യഗ് ദര്‍ശന നിഷ്ഠയാ
സംസാരസാഗരത്തില്‍ മുങ്ങിക്കിടക്കുന്ന തന്നെ ഓരോ സാധകനും സ്വയം ഉയര്‍ത്തണം. സമ്യക് ദര്‍ശനമായ നിരന്തര വിവേക വിചാരത്തിലൂടെ യോഗാരൂഢത്വം നേടിയാണ് അവനവന്റെ ഉദ്ധാരണത്തെ നടത്തേണ്ടത്.
യോഗാരൂഢാവസ്ഥയിലിരുന്ന് സമ്യഗ്ദര്‍ശന നിഷ്ഠയിലൂടെ സ്വയം സംസാരസാഗരത്തില്‍ നിന്നും കരകയറണം. ഗുരുവിനെ വേണ്ട വിധം സമീ
പിച്ച് ഗുരു ഉപദേശത്തെ നേടുന്നയാള്‍ക്ക് തന്റെ അവസ്ഥ മനസ്സിലാകും. ഓരോ ആളും ജനന മരണ സ്വരൂപമായ സുഖദുഃഖ സമ്മിശ്രമായ സംസാര സമുദ്രത്തില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് അറിയാം. അവിടെ നിന്ന് നിശ്ചയമായും കരകയറണം.
ഈ ലോകത്തെയാണ് സംസാരം എന്ന് പറയുന്നത്. ‘സം സരതി സംസാരം’ അല്ലെങ്കില്‍ ‘സമ്യക് സരതി സംസാരം’. നന്നായി ഒഴുകുന്നത്, മാറികൊണ്ടിരിക്കുന്നതാണ് സംസാരം. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായത് എന്നര്‍ഥം. ഈ ലോകത്തെ എല്ലാം നിമിഷം തോറും മാറുന്നവയാണ്. സംസാരത്തെ കടലിനോടോ കൊടുംകാടിനോടോ ആണ് സാധാരണ ഉപമിക്കുക. രണ്ടും അകപ്പെട്ടാല്‍ വളരെ ദുഃഖമുണ്ടാക്കുന്നതാണ്. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നിപ്പോകും. ഇവിടെ സംസാര സാഗരമായാണ് വര്‍ണിച്ചത്. അറിവില്ലായ്മയും അതേ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമാണ് സംസാരം സാഗരം പോലെ ദുരിതപൂര്‍ണമാക്കുന്നത്.
ശാസ്ത്ര പഠനമെന്ന സ്വാദ്ധ്യായത്തിലൂടെയും അതനുസരിച്ചുള്ള അനുഷ്ഠാനങ്ങളിലൂടെയും തപശ്ചര്യകളിലൂടെയും മറ്റ് ആദ്ധ്യാത്മിക സാധനകളിലൂടെയും സാധകന് അന്തഃകരണ ശുദ്ധി നേടാം. ഉള്ളം ശുദ്ധമായാല്‍ മനസ്സിനും ബുദ്ധിയ്ക്കും സൂക്ഷ്മതയും തെളിമയുമുണ്ടാകും.വിവേകത്തോടെ ചിന്തിക്കാ
നും ഈ ലോകത്തെ വേണ്ട വിധത്തില്‍ കാണാനും കഴിയും. സമ്യക് ദര്‍ശനമെന്ന് ഇതിനെ പറയുന്നു. തത്വശാസ്ത്രത്തിന്റെ ദൃഷ്ടിയിലൂടെ ലോകത്തെ ദര്‍ശിക്കലാണ് സമ്യക് ദര്‍ശനം. അജ്ഞാനം മൂലം താന്‍ ഈ ദേഹമാണ് എന്ന തെറ്റിദ്ധാരയാണ് സംസാരസമുദ്രത്തില്‍ നമ്മെ പതിപ്പിക്കുന്നത്. ആ വാരിധിയില്‍ നിന്ന് കരയേറാന്‍ സമ്യക് ദര്‍ശനം തന്നെ വേണം.
സമ്യക് ദര്‍ശനത്തിലൂടെ യോഗാരൂഢത്വത്തെ നേടാം. ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളില്‍ നിലവിട്ട് വ്യാപരിക്കാതെ കര്‍മ്മങ്ങളിലും മറ്റൊന്നിലും ആസക്തി വെയ്ക്കാതെ എല്ലാ സങ്കല്പങ്ങളേയും വെടിഞ്ഞിരിക്കുന്ന അവസ്ഥയാണ് യോഗാരൂഢത്വം. ആഗ്രഹങ്ങളില്ലെങ്കില്‍ സങ്കല്പങ്ങളില്ല, കര്‍മ്മങ്ങളുമില്ല.അത്തരമൊരവസ്ഥയില്‍ കാര്യങ്ങളെ വേണ്ട വിധം നോക്കിക്കാണാനാകും. യോഗാരൂഢത്വം സമ്യക് ദര്‍ശനത്തിനും തിരിച്ചും പ്രയോജനപ്പെടുന്നു.
സൂക്ഷ്മമായ സമ്യക്ക് ദര്‍ശനത്തിലൂടെ മഹത്തായ ആദര്‍ശത്തില്‍ മനസ്സിനെ സമമായി ഉറപ്പിച്ച് നിര്‍ത്തലാണ് യോഗം. നികൃഷ്ടമായതില് നിന്ന് ഉത്കൃഷ്ടമായതിലേക്ക് മനോബുദ്ധി തലങ്ങളെ ഉയര്‍ത്തുന്നതും യോഗമാണ്. യോഗാവസ്ഥയില്‍ സുസ്ഥിതനായ അവസ്ഥയാണ് യോഗാരൂഢത.
കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ ഇരിപ്പുറപ്പിച്ചയാളെ അശ്വാരൂഢന് എന്ന് പറയും പോലെ യോഗാരൂഢനെ അറിയേണ്ടതാണ്. സാമ്യാവസ്ഥയായ യോഗത്തില്‍ മനസ്സ് ഉറപ്പിച്ചയാളാണ് അയാള്‍. തന്നെ സ്വയം ഈ സംസാരക്കടലില്‍ നിന്ന് കരകയറ്റണം അയാള്‍. എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും ചരിക്കേണ്ട മാര്‍ഗ്ഗത്തെക്കുറിച്ചും തികച്ചും ബോധവാനാണ് ആ സാധകന്. യോഗാരൂഢത്വവും സമ്യക് ദര്‍ശന ജ്ഞാനവും ലക്ഷ്യത്തിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: