”വരും വര്‍ഷങ്ങളിലെ കലോത്സവങ്ങള്‍ ചെറുപട്ടണങ്ങളില്‍ നടത്താനും ഇതുപോലെ വീടുകളില്‍ കുട്ടികളെ താമസിപ്പിക്കുന്ന വിപുലമായ പദ്ധതി ആവിഷ്കരിക്കുകയും ചെയ്യും.”
ഘടന തെറ്റിയ വാക്യം.
”…..ചെറുപട്ടണങ്ങളില്‍ നടത്തുകയും” എന്നു തിരുത്തിയാലേ ഘടന ശരിയാകൂ.
”ഓരോ വിദ്യാര്‍ത്ഥിക്കും തനതു കഴിവുകളുണ്ടെന്നും അത് പരിപോഷിപ്പിച്ച് പിന്ബഞ്ചുകാരെയെല്ലാം മുന്‍ ബെഞ്ചുകാരാക്കുമ്പോഴേ ജനകീയ വിദ്യാഭ്യാസം എന്ന സങ്കല്പ്പത്തിന് പൂര്‍ണത കൈവരിക്കാനാകൂ.”
വികലമായ വാക്യം. ഇങ്ങനെ തിരുത്താം:
”ഓരോ വിദ്യാര്‍ത്ഥിക്കും തനതു കഴിവുകളുണ്ട്. അവ പരിപോഷിപ്പിച്ച് പിന്ബഞ്ചുകാരെയെല്ലാം മുന്ബെഞ്ചുകാരാക്കുമ്പോഴേ ജനകീയ വിദ്യാഭ്യാസം എന്ന സങ്കല്പ്പത്തിന് പൂര്‍ണത കൈവരൂ.”
”നാട്ടിന്‍പുറത്തെ വീടുകളില്‍ താമസിച്ച് അവരുടെ ജീവിതവും സംസ്കാരവും അറിഞ്ഞ് അവര്‍ക്കൊപ്പം വേദികളിലേക്ക് മത്സരാര്‍ത്ഥി പോകുകയും മത്സരം കഴിഞ്ഞ് അതേ വീട്ടിലെത്തി അനുഭവങ്ങള്‍ ആതിഥ്യമരുളിയ കുടുംബവുമായി പങ്കിടുമ്പോഴുണ്ടായ അനുഭവം അവിസ്മരണീയമാണെന്നാണ് മത്സരാര്‍ത്ഥികള്‍ വെളിപ്പെടുത്തിയത്.”
വലിച്ചുനീട്ടി വികൃതമാക്കിയ വാക്യം.
”നാട്ടിന്‍പുറത്തെ വീടുകളില്‍ താമസിച്ച്, അവിടത്തെ ജീവിതവും സംസ്കാരവും അറിഞ്ഞ് വീട്ടുകാര്‍ക്കൊപ്പം വേദികളിലേക്കു പോകുകയും മടങ്ങി അതേ വീട്ടിലെത്തി വിശേഷങ്ങള്‍ പങ്കിടുകയും ചെയ്തപ്പോവുണ്ടായ അനുഭവം അവിസ്മരണീയമാണെന്നാണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്.” ഇങ്ങനെ പരിഷ്കരിച്ചാല്‍ വായനക്കാര്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും.
കലോത്സവ വാചകമേളയില്നിന്ന് ഒരു വാക്യം കൂടി:
”കാഞ്ഞങ്ങാടിന്റെ പരിസരങ്ങളിലെ ഗ്രാമീണ രംഗവേദികളില്‍ ഗ്രാമോത്സവ പ്രതീതി കലോത്സവങ്ങള്‍ കൊതിക്കുന്നതാക്കി.” വായനക്കാരും കൊതിച്ചുകൊള്ളുക!
ഒരു ആരോഗ്യ പംക്തിയില്നിന്ന്:
”പഞ്ചസാര നമ്മുടെ ജീവിതത്തിലെ സ്ഥിരമായ സന്തതസഹചാരിയായി മാറിയിരിക്കുന്നു. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്കു കഴിയുകയില്ല.”
പഞ്ചസാരയും ജീവിതവും തമ്മിലുള്ള ബന്ധം ഇതിലും മധുരമായി എങ്ങനെ ആവിഷ്കരിക്കാനാവും? സ്ഥിരവും സന്തതവും സഹചാരിയുമെല്ലാം സഹായത്തിനെത്തിയപ്പോള്‍ പഞ്ചസാരയ്ക്ക് ഗമയും കൂടി. പഞ്ചസാരയുടെ ഉപയോഗത്തിന് ഭാരം കൂടുതലാണ്. അതെടുത്തു മാറ്റണമെങ്കില്‍ യന്ത്രസഹായം തേടേണ്ടിവരും!
‘ആരോഗ്യ സാഹിത്യ’വും ഇങ്ങനെ നാള്‍തോറും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ഭാഗ്യം!
ഭരണഭാഷ മാതൃഭാഷയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ചില വകുപ്പുകളിലെങ്കിലും പുരോഗമിക്കുന്നുണ്ട്. ‘ഭരണഭാഷ-മാതൃഭാഷ’ എന്ന ‘സൂക്ത’ത്തോടെ പത്രങ്ങളില്‍ വന്ന ഒരു പരസ്യത്തില്‍ നിന്ന്:
”ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 2019-2020 വര്‍ഷത്തെ അച്ചടി ജോലികള്‍ ചെയ്യുന്നതിന് താല്‍പ്പര്യമുള്ള, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും മൂന്നു കോടിരൂപയുടെ വാര്‍ഷിക ടേണ്‍ഓവറും ഉള്ള കേരളത്തിലെ ആധുനിക സൗകര്യങ്ങളുള്ള അച്ചടിസ്ഥാപനങ്ങളില്നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.”
എല്ലാം ഇങ്ങനെ ഒരു വാക്യത്തിലാക്കിയാല് താല്‍പ്പര്യമുള്ളവര്‍ക്കുപോലും അതില്ലാതാകും. അല്പം പരിഷ്കരിച്ചാല്‍ വിരസത ഒഴിവാക്കാം. കൂടുതല്‍ വ്യക്തതയുണ്ടാക്കാം.
”ഇന്‍ഫര്‍മേഷന്‍ & പബ്ലിക റിലേഷന്‍സ് വകുപ്പിന്റെ 2019-2020 വര്‍ഷത്തെ അച്ചടിജോലികള്‍ക്ക് താല്‍പ്പര്യ പത്രം ക്ഷണിക്കുന്നു. 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും മൂന്നു കോടി രൂപയുടെ വാര്‍ഷിക ടേണ്‍ഓവറും ആധുനിക സൗകര്യങ്ങളുമുള്ള, കേരളത്തിലെ അച്ചടി സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.”
പിന്കുറിപ്പ്:
”ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള വെള്ളിയാഴ്ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദയാണ് വിശിഷ്ടാതിഥി.
ശ്രേഷ്ഠാതിഥിയും ജനകീയാതിഥിയും കൂടിയാകാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: