ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ അക്രമാഹ്വാനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നടപടി പാക്കിസ്ഥാന് കാലങ്ങളായി ചെയ്യുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് പുറത്തുള്ള എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നടപടി പാക്കിസ്ഥാന് ഇന്ത്യന്‍ എംബസികളോട് ചെയ്യുന്നത് തന്നെയാണെന്ന് മോദി ആരോപിച്ചു. ഝാര്‍ഖണ്ഡിലെ ദുംകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസിന്റെ നടപടി എത്ര നാണംകെട്ടതാണ്. മറ്റു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് സാധിക്കുമോ, മോദി ചോദിച്ചു. 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും അയോധ്യ കേസിലെ സുപ്രീംകോടതി വിധി വന്നപ്പോഴും പാക്കിസ്ഥാന് എന്താണോ ചെയ്തത് അതു തന്നെയാണ് കോണ്‍ഗ്രസും ചെയ്തത്. കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരും രാജ്യത്ത് തീപടര്‍ത്തുകയാണ്. അക്രമം നടത്തുന്നവരെ അവരുടെ വസ്ത്രധാരണം കണ്ടാല്‍ത്തന്നെ തിരിച്ചറിയാനാവുമെന്നും മോദി പറഞ്ഞു.
അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന അവസ്ഥയിലേക്ക് എത്തിയ ആസാമിലെ ജനതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അക്രമങ്ങള്‍ വ്യാപിപ്പിക്കാന്‍ സംഘടിതമായി ശ്രമിച്ചവരില്‍ നിന്ന് ആസാമിലെ സഹോദരീ സഹോദരന്മാര് അകന്നുനില്‍ക്കുകയാണ്. സമാധാനപരമായ രീതിയിലാണ് അവര്‍ പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസും അവര്‍ക്കൊപ്പമുള്ളവരുമാണ് കൊള്ളിവയ്പ്പ് നടത്തുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ആകെ അറിയാവുന്നത് മോദിയെയും ബിജെപിയെയും അപമാനിക്കുക എന്നതു മാത്രമാണ്. എന്നാല്‍ ബിജെപിയെ എതിര്‍ക്കുന്നതിനായി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തെ എതിര്ക്കുന്നതിലേക്കാണ് എത്തിപ്പെടുന്നത്.
അയല്‍ രാജ്യങ്ങളില്‍ മതവിവേചനത്തിനിരയായി ദുരവസ്ഥയില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അഭയവും പൗരത്വവും നല്‍കുന്നതിനായാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയത്. നമ്മുടെ കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയത് ഇന്ത്യയുടെ മനസ്സ് അഭയാര്ത്ഥികള്ക്കൊപ്പമാണെന്നതിന്റെ തെളിവാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: