സംഗ്രൂര്‍: അറുപത്തിയഞ്ചാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ഓവറോള്‍ കിരീടം കേരളത്തിന്. മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ആദ്യമായി ഏര്‍പ്പെടുത്തിയ ഓവറോള്‍ കിരീടമാണ് സീനിയര്‍’താരങ്ങളുടെ മിന്നുന്ന പ്രകടനത്തിലൂടെ കേരളം സ്വന്തമാക്കിയത്.
മഹാരാഷ്‌ട്രയുടേയും ഹരിയാനയുടെയും കടുത്ത വെല്ലുവിളിയും മരംകോച്ചുന്ന തണുപ്പിനെയും മറികടന്നായിരുന്നു കേരളത്തിന്റെ കിരീട നേട്ടം. സംഗ്രൂറിലെ വാര്‍ ഹീറോ സ്‌റ്റേഡിയത്തില്‍ സീനിയര്‍ താരങ്ങള്‍ നടത്തിയ ഉജ്ജ്വല കുതിപ്പാണ് കൈവിട്ടെന്ന് കരുതിയ ഒാവറോള്‍ കിരീടം കേരളത്തിന് നേടിക്കൊടുത്തത്. തുടര്‍ച്ചയായ 20-ാം തവണയാണ് ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആകെ 273 പോയിന്റാണ് കേരളം വാരിക്കൂട്ടിയത്. 247 പോയിന്റോടെ മഹാരാഷ്‌ട്ര രണ്ടാം സ്ഥാനവും 241 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സീനിയര്‍ വിഭാഗത്തില്‍ 159 പോയിന്റാണ് കേരളത്തിന് വേണ്ടി ആന്‍സി സോജനും കൂട്ടരും നേടിയത്. 114 പോയിന്റുമായി മഹാരാഷ്‌ട്ര രണ്ടാം സ്ഥാനവും 107 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി. സീനിയര്‍ പെണ്‍കുട്ടികളിലും കേരളമാണ് ചാമ്പ്യന്‍മാര്‍ 101 പോയിന്റാണ് കേരളത്തിന്റെ പെണ്‍പട സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാടിന് 61 പോയിന്റേ നേടാനായുള്ളൂ. ആണ്‍കുട്ടികളില്‍ 68 പോയിന്റ് നേടിയ മഹാരാഷ്‌ട്രയാണ് ഒന്നാമത്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനം നേടി. ലോങ്ജമ്പിലെ റെക്കോഡും 4-100 മീറ്റര്‍ റിലേയുമുള്‍പ്പെടെ നാല് സ്വര്‍ണം നേടിയ ആന്‍സി സോജന്‍ സീനിയര്‍ പെണ്‍കുട്ടികളിലെ മികച്ച താരമായി. ലോങ്ജമ്പില്‍ 18 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ആന്‍സി തകര്‍ത്തത്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കാഡോടെ സ്വര്‍ണം നേടിയ മഹാരാഷ്‌ട്രയുടെ ഷിര്‍സെ തേജസാണ് ആണ്‍കുട്ടികളിലെ മികച്ച താരം. സീനിയറിലെ 15 ഉള്‍പ്പെടെ മീറ്റിലാകെ 33 റെക്കാഡുകള്‍ പിറന്നു.
അവസാനദിനമായ ഇന്നലെ കേരളം രണ്ടു വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടിയെടുത്തു. എട്ട് സ്വര്‍ണവും ആറു വെള്ളിയും 10 വെങ്കലവും ആണ് സീനിയര്‍ വിഭാഗത്തിലെ സമ്പാദ്യം. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ മൂന്ന് സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമായിരുന്നു നേടാനായത്.
ഇന്നലെ 4-400 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികളും 4-100 മീറ്റര്‍ റിലേയില്‍ പെണ്‍കുട്ടികളും സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും കേരളം വെള്ളി നേടി. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രിസ്‌കില്ല ഡാനിയേലും വെങ്കലം നേടി.
പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ എ.എസ്. സാന്ദ്ര, പി.ഡി.അഞ്ജലി ആന്‍ റോസ് ടോമി, ആന്‍സി സോജന്‍ എന്നിവരടങ്ങിയ സംഘം 47.87 സെക്കന്‍ഡിലാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ എം. മനൂപ്, പി.ഡി. ജിതിന്‍രാജ്, ആര്‍. ഹരിശങ്കര്‍, എ. രോഹിത് എന്നിവരായിരുന്നു കേരളത്തിന്റെ അഭിമാനതാരങ്ങള്‍. മൂന്ന് മിനിറ്റ് 20.87 സെക്കന്‍ഡിലായിരുന്നു ഇവര്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്. തമിഴ്‌നാട് വെള്ളിയും ഹരിയാന വെങ്കലവും നേടി.
ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ തമിഴ്‌നാടിന് സ്വര്‍ണം. വെള്ളി നേടിയ കേരളത്തിനായി കേരളത്തിനായി മുഹമ്മദ് സജീന്‍, ആകാശ് എം. വര്‍ഗീസ്, മുഹമ്മദ് ഷനൂബ്, ആര്‍.കെ. സൂര്യജിത്ത് എന്നിവരാണ് ട്രാക്കിലിറങ്ങിയത്. കര്‍ണാടക വെങ്കലം നേടി.
അവസാന ഇനമായ 4-400 മീറ്റര്‍ പെണ്‍കുട്ടികളുടെ റിലേയില്‍ എ.എസ്. സാന്ദ്ര, എസ്. അയോക്ഷ, ട്രീസ മാത്യു, ഗൗരി നന്ദന എന്നിവരാണ് കേരളത്തിന് വെള്ളി നേടിക്കൊടുത്തത്. സ്വര്‍ണം കര്‍ണാടകയ്‌ക്ക്. ഇക്കഴിഞ്ഞ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കര്‍ണാടകയുടെ അന്താരാഷ്‌ട്ര താരം പ്രിയ എച്ച്. മോഹനന്റെ തകര്‍പ്പന്‍ ഫിനിഷ് ആണ് കേരളത്തിന് സ്വര്‍ണമെഡല്‍ നിഷേധിച്ചത്.
ഡിസംബര്‍ 3 മുതല്‍ 7 വെരെ നടന്ന സബ് ജൂനിയര്‍, ജൂനിയര്‍ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഹരിയാനയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു കേരളം. തണുപ്പിനൊപ്പം മഴകൂടിയെത്തിയതും ഹരിയാന, മഹാരാഷ്‌ട്ര, കര്‍ണാടക താരങ്ങളുടെ പ്രകടനവും സീനിയര്‍ മീറ്റിന്റെ തുടക്കത്തിലും കേരളത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
ആദ്യ മൂന്ന് ദിനത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സീനിയര്‍ വിഭാഗത്തിലും ഓവറോളിലും മൂന്നാം സ്ഥാനത്തായിരുന്നു കേരളം. എന്നാല്‍ നാലാം ദിനം കഥമാറി. തെളിഞ്ഞ ആകാശത്തിനു കീഴെ കേരള താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ സ്വന്തമാക്കിയത് 4 വീതം സ്വര്‍ണവും വെള്ളിയും 5 വെങ്കലവും. ഇതോടെയാണ് കേരളം ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ഇന്നലെയും മികവ് ആവര്‍ത്തിച്ചപ്പോള്‍ കേരളത്തിന് തുടര്‍ച്ചയായ 20-ാം ഓവറോള്‍ കിരീടവും സ്വന്തമായി.
















