തിരുവനന്തപുരം: അയോധ്യവിധിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് സിപിഎം എംഎൽഎ എം.സ്വരാജിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന പരാതിയിന്മേൽ മറുപടി നൽകാൻ സർക്കാരിന് ഗവർണറുടെ നിർദേശം. ഡെപ്യൂട്ടി സെക്രട്ടറിക്കാണ് ഗവർണറുടെ ഡപ്യൂട്ടി സെക്രട്ടറി രേഖാമുലം നിർദേശം നൽകിയത്.
ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തെയും ചരിത്രപ്രധാനമായ അതിന്റെ ഐകകണ്ഠ്യേനയുള്ള വിധിയേയും മുഴുവൻ രാഷ്‌ട്രത്തെ തന്നെയും അവഹേളിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയ അഡ്വ. എം. സ്വരാജ് എം.എൽ.എ യ്‌ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാറാണ് ഗവർണർക്ക് പരാതി നൽകിയത്. പരാതിയിന്മേൽ വേണ്ട പ്രാധാന്യത്തോടുകൂടി പരിഗണിച്ച് മറുപടി നൽകണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?’ എന്നായിരുന്നു അയോധ്യ വിധിക്ക് പിന്നാലെയുള്ള എം സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംഘര്‍ഷപരമായ പരാമര്‍ശം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും പലതവണ ആവര്‍ത്തിച്ചിരുന്നു. ഇത് മറികടന്നായിരുന്നു സ്വരാജിന്റെ പോസ്റ്റ്.

















