ചെന്നൈ: ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതായതോടെ ഫാത്തിമ ലത്തീഫ് കേസ് സിബിഐക്ക് കൈമാറാന്‍ ഒരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. അന്വേഷണം നീണ്ടുപോകുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഫാത്തിമയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഐഐടിക്കുമുന്നില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയും സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2006 മുതല്‍ മദ്രാസ് ഐഐടിയില്‍ നടന്ന 14 മരണത്തില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് കേരള ഘടകം നേതാവ് സലീം മടവൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. മതപരമായ വിവേചനവും ചില അധ്യാപകരില്‍ നിന്ന് മാനസിക പീഡനവും ഫാത്തിമ നേരിട്ടിരുന്നുവെന്ന് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഫാത്തിമയുടേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. അതിനിടയിലാണ് കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. സഹപാഠികളുടെ പങ്കും പരിശോധിക്കണമെന്ന് ഫാത്തിമയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സെമസ്റ്റര്‍ അവധിയായതിനാല്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
















