ചെന്നൈ: തുടര്‍ച്ചയായ പത്താം പരമ്പര വിജയം ലക്ഷ്യമിട്ട് കോഹ്‌ലിപ്പട പോരിന് ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും വിന്‍ഡീസും ഇന്ന് നേര്‍ക്കുനേര്‍. ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും.
പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവരെ കൂടാതെയാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുക. പരിക്കാണ് ഇരുവര്‍ക്കും പ്രശ്‌നമായത്. ശിഖര്‍ ധവാന് പകരം മായങ്ക് അഗര്‍വാളിനെയും ഭുവിക്ക് പകരം മുംബൈയുടെ ഷാര്‍ദുള്‍ തക്കാറും ടീമിലെത്തി.
വിന്‍ഡീസിനെതിരായ ടി 20 പരമ്പര 2-1 ന് കീശയിലാക്കിയ ഇന്ത്യ അപാരഫോമിലാണ്. മുംബൈയിലെ അവസാന ടി 20 യില്‍ രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും നടത്തിയ മിന്നുന്ന പ്രകടനം ചെന്നൈയിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ധവാന്റെ അഭാവത്തില്‍ കെ.എല്‍. രാഹല്‍ ഓപ്പണറായി തുടര്‍ന്നേക്കും.
ഓപ്പണറായി മായങ്ക് അഗര്‍വാളിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. കര്‍ണാടക ബാറ്റ്‌സ്മാനായ മായങ്ക് ടെസ്റ്റ് മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു. തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫിയിലും മികവ് കാട്ടി. ഇതേ തുടര്‍ന്നാണ് മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തിയത്.
അവസരങ്ങള്‍ മുതലാക്കി മികച്ച ബാറ്റിങ് കാഴ്ചവച്ചുവരുന്ന ശ്രേയസ് അയ്യര്‍ തന്നെ നാലാം നമ്പറില്‍ കളിക്കും. അയ്യരെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന്് കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയും ആവശ്യപ്പെട്ടിരുന്നു.
മോശം പ്രകടനത്തിന് പഴി കേള്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മികവ് കാട്ടാന്‍ മറ്റൊരു അവസരം കൂടിയാണ് ഇന്നത്തെ പോരാട്ടം. ഇനിയും മികവ് കാട്ടുന്നില്ലെങ്കില്‍ ഒരുപക്ഷെ പന്തിന് അടുത്ത മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവരും.
സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ഇന്ന് കളത്തിലിറങ്ങും. സ്പിന്നര്‍മാരെ പിന്തുണയ്‌ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ ഇവരെ നേരിടാന്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് കഷ്ടപ്പെടേണ്ടിവരും. പരിചയസമ്പന്നരായ പേസര്‍മാരായ മുഹമ്മദ് ഷമിക്കൊപ്പം ദീപക് ചഹാറും കളിക്കളത്തിലിറങ്ങും. കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ഓപ്പണര്‍ ഇവിന്‍ ലൂയിസിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷ. മുംബൈയിലെ ടി 20 മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ലൂയിസ് ഇന്ന് കളിക്കളത്തിലിറങ്ങിയേക്കും. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളസ് പൂരന്‍ എന്നിവരൊക്കെ പരിമിത ഓവറുകളില്‍ തകര്‍ത്തുകളിക്കുന്ന താരങ്ങളാണ്. മിന്നുന്ന പ്രകടനത്തില്‍ ഇന്ത്യയെ വീഴ്‌ത്താനുള്ള പുറപ്പാടിലാണ് വിന്‍ഡീസ്പ്പട.
ഷെല്‍ട്ടണ്‍ കോട്രലാണ് വിന്‍ഡീസിന്റെ പേസ് നിരയെ നയിക്കുന്ന ത്. മുന്‍ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ കോട്രലിന് മകിച്ച പിന്തുണ നല്‍കും. ടി 20 യില്‍ തകര്‍ത്തെറിഞ്ഞ ലെഗ് സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷ് ജൂനിയറാണ് വിന്‍ഡീസിന്റെ സ്പിന്‍ ശക്തി.
















