കണിച്ചുകുളങ്ങര (ആലപ്പുഴ): ആസുര ശക്തികളുടെ വളര്‍ച്ചയും സ്വാധീനവും കേരളത്തിന്റെ സാമൂഹിക ജീവിത ക്രമത്തെയാകെ ബാധിക്കുന്ന സാഹചര്യത്തില്‍ ഹൈന്ദവ സംഘടനകളുടെ ഉത്തരവാദിത്തം വര്‍ധിച്ചതായി മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മചാരി വേദാമൃത ചൈതന്യ. കണിച്ചുകുളങ്ങര ഗുരുപൂജ ഹാളില്‍ വിഎച്ച്പി സംസ്ഥാന സത്സംഗ ശിബിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണശീലങ്ങളിലും അഭിരുചികളിലും പുതുമ തേടുന്ന യുവതലമുറ നമ്മുടെ മൂല്യങ്ങളില്‍നിന്നു അകലുന്നു. നമുക്ക് അന്യമാകുന്ന ആത്മബോധം വീണ്ടെടുക്കാനും യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കുന്നതിനും വിശ്വഹിന്ദു പരിഷത്തിന്റെ ആധാരശിലകളായി വര്‍ത്തിക്കുന്ന സത്സംഗങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗത സമിതി രക്ഷാധികാരിയും വിഎച്ച്പി ജില്ലാ പ്രസിഡന്റുമായ വി.കെ. സുരേഷ് ശാന്തി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.എന്‍. വെങ്കിടേശ്വരന്‍, ജോയിന്റ് സെക്രട്ടറി ഐ.ബി. ശശി, വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍, ജില്ല സെക്രട്ടറി എം. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്. ഓമനക്കുട്ടന്‍ സ്വാഗതവും, എന്‍. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വിഎച്ച്പി അഖില ഭാരത സത്സംഗ പ്രമുഖ് ഡോ. വസന്ത് രഥ് ക്ലാസുകള്‍ക്ക് തുടക്കമിട്ടു. അഖില ഭാരതീയ സംഘടനാ സെക്രട്ടറി വി. നായക റാവു ദേശ്പാണ്ഡെ, കെ.കെ. വാമനന്‍, വി. മോഹനന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ശിബിരം ഇന്ന് അവസാനിക്കും.
















