വേദേതിഹാസങ്ങള്‍ രചിച്ച വ്യാസന് ഒരാള്‍ തന്നെയോ, ഒന്നിലധികം പേര്‍ക്ക് നല്കി വന്നിരുന്ന സ്ഥാനപ്പേരോ എന്ന തര്‍ക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ തര്‍ക്കമറ്റ ഒന്നുണ്ട്. അറിവിന്റെ വിവിധങ്ങളായ ആവിഷ്കാരംകൊണ്ട് വിസ്മയം തീര്‍ക്കുന്ന വ്യാസജന്മങ്ങള് കാലാകാലങ്ങളില്‍ പിറവികൊള്ളുന്നു. നമുക്കിടയിലുമുണ്ട് ഇങ്ങനെയൊരാള്‍. അറിവുകൊണ്ടും അനുഭവസമ്പത്തുകൊണ്ടും കര്‍മപഥത്തിലുടനീളം അസുലഭ കാന്തി വിതറുന്ന ഒരാള്‍. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി. ആര്‍എസ്എസിന്റെ സാധാരണ സ്വയംസേവകര്‍ക്കു മുതല്‍, മലയാളത്തിന്റെ മഹാസാഹിത്യകാരന് ഒ.വി. വിജയനുവരെ ‘ഹരിയേട്ടന്’ ആയ ഈ ജ്ഞാനതപസ്വി നവതിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
അക്ഷരാര്‍ത്ഥത്തില്‍ ബഹുമുഖമാണ് ഹരിയേട്ടന്റെ പ്രതിഭ. സ്വയംസേവകന്, പ്രചാരകന്, സംഘാടകന്‍, പണ്ഡിതന്, പ്രഭാഷകന്‍, ഗ്രന്ഥകാരന് എന്നീ നിലകളില്‍ ഹരിയേട്ടന് പിന്നിട്ട വഴിത്താരകള്‍ ആദര്ശസുരഭിലമാണ്. ഭാഷ, സാഹിത്യം, ചരിത്രം, സംസ്കാരം, രാഷ്ട്രതന്ത്രം, മതം, തത്വചിന്ത, ദര്‍ശനം എന്നിങ്ങനെ വിജ്ഞാനത്തിന്റെ സകല മേഖലകളിലും വ്യാപരിക്കുന്ന ഹരിയേട്ടന്റെ പ്രതിഭാവിലാസം നവതിയിലും നിറസാന്നിധ്യമറിയിക്കുന്നു. പോരാട്ടത്തിലൂടെ തുടക്കംആര്എസ്എസ് പ്രചാരകനാവുന്നതിന് മുന്‍പ്, സ്വയംസേവകനെന്ന നിലയ്ക്ക് ഒരു പോരാട്ടത്തിലൂടെയാണ് ഹരിയേട്ടന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നതെന്നു പറയാം. പതിനാറാമത്തെ വയസ്സില്‍ ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നതിനുവേണ്ടിയുള്ള സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു. 1951-ല്‍ പ്രചാരകനാവുകയും, 68 വര്‍ഷമായി ഈ സപര്യ തുടരുകയുമാണ്. ഇതിനിടെ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി ദേശവ്യാപകമായി സഞ്ചരിച്ചു. ഏകാധിപത്യത്തിനെതിരെ ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹരിയേട്ടന് നിയോഗിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, സഹപ്രാന്ത പ്രചാരക്, അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകളില്‍ 27 വര്‍ഷം പ്രവര്‍ത്തിച്ചു. 1999-2005 കാലയളവില്‍ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘ് (എച്ച്എസ്എസ്) പ്രഭാരിയായി. എച്ച്എസ്എസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അഞ്ച് ഭൂഖണ്ഡങ്ങളിലായി 22 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2001-ല്‍ ലിത്വാനിയയിലും പിന്നീട് രണ്ട് തവണ ഭാരതത്തിലും നടന്ന പ്രാങ് ക്രൈസ്തവ മതങ്ങളുടെ കോണ്‍ഫറന്‍സുകളില്‍ ഭാരത പ്രതിനിധിയായി പങ്കെടുത്തു. തുടര്‍ന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യനായി. 2006 മുതല്‍ ഔദ്യോഗിക ചുമതലകളൊന്നുമില്ലാതെയും പ്രവര്‍ത്തനനിരതനാണ്.
എല്ലാം വായിക്കുന്ന ഒരാള്അതിവിപുലമാണ് ഹരിയേട്ടന്റെ വായനാപരിധി. എല്ലാം വായിക്കുന്ന ഒരാള്‍ എന്നു പറയാം. ദിനപത്രങ്ങളും സമകാലികങ്ങളും ഇതില്‍പ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി ഭാഷാ പ്രസിദ്ധീകരണങ്ങള്‍ പ്രാന്തകാര്യാലയമായ എളമക്കര മാധവനിവാസില്‍ വരുന്നുണ്ട്. ഒരുപക്ഷേ ഇവയെല്ലാം തന്നെ വായിക്കുന്ന ഒരേയൊരാള്‍ ഹരിയേട്ടനായിരിക്കും. കാരണമുണ്ട്. സംസ്കൃതം, തമിഴ്, ഹിന്ദി, മറാഠി, ബംഗാളി, അസമീസ്, കൊങ്കണി, ഇംഗ്ലീഷ് എന്നീ ഭാഷകളറിയാം. 2001-ല്‍ നേപ്പാളില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ തലച്ചോറിന് ക്ഷതമേറ്റ് മലയാളമൊഴികെ മറ്റെല്ലാ ഭാഷകളും മറന്നുപോയിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഓര്മ വീണ്ടെടുക്കുകയും, ഭാഷകള്‍ ഓരോന്നായി സ്വായത്തമാക്കുകയും ചെയ്തു. നോവലുകളിലും സിനിമകളിലുമൊക്കെയാണ് ഇത്തരം അപൂര്‍വാനുഭവം കാണുക.
അലസവായന എന്നൊന്ന് ഹരിയേട്ടനില്ല. ആവശ്യമുള്ളത് അടയാളപ്പെടുത്തും. കുറിപ്പുകളെഴുതും. എല്ലാം ഓര്‍മയിലുണ്ടാവും. ഈ ലേഖകനെ അദ്ഭുതപ്പെടുത്തിയ ഒരനുഭവം ഇങ്ങനെയാണ്: ഒരിക്കല്‍ പ്രബുദ്ധ ഭാരതം, വേദാന്ത കേസരി എന്നീ മാസികകളുടെ ഡസന്‍ കണക്കിന് കോപ്പികള്‍ ഹരിയേട്ടന് എനിക്ക് സമ്മാനിക്കുകയുണ്ടായി. ഘട്ടംഘട്ടമായാണ് അവ വീട്ടിലെത്തിച്ചത്. പലപ്പോഴായി വായിച്ചും മറിച്ചും നോക്കിയപ്പോള്‍ ആശ്ചര്യം തോന്നി. എണ്ണമറ്റ വിഷയങ്ങളിലെ ഓരോ ലേഖനങ്ങളും ഹരിയേട്ടന് വായിച്ചിരിക്കുന്നു. ആയിരക്കണക്കിന് പേജുകളില്‍ പ്രസക്തഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു!
ഇതുവരെ 52 പുസ്തകങ്ങള്ഗ്രന്ഥകാരനെന്ന നിലയില്‍ ഹരിയേട്ടന്റെ സ്ഥാനം അദ്വിതീയമാണ്. ആ എഴുത്തിന് പല മാനങ്ങളുണ്ട്. ഭാഷാ വൈവിധ്യവും വിഷയ വൈവിധ്യവും. മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മറാഠി, കൊങ്കണി എന്നീ ഭാഷകളില്‍ ഹരിയേട്ടന് ഗ്രന്ഥരചന നടത്തുന്നു. നമ്മുടെ എഴുത്തുകാരില്‍ ഇങ്ങനെ മറ്റൊരാളുള്ളതായി അറിവില്ല. മൗലിക കൃതികള്‍, വിവര്‍ത്തനങ്ങള്‍, സമാഹരണം എന്നീ വിഭാഗങ്ങളിലായി 52 പുസ്തകങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഇതില്‍ പലതും ബ്രഹദ് രചനകളുമാണ്. 12 വാല്യങ്ങളുള്ള ശ്രീഗുരുസാഹിത്യസര്വസ്വം, മലയാളത്തിലും ഹിന്ദിയിലും ഒരേസമയം എഴുതിയ ‘ഗുരുജി ഗോള്‍വല്‍ക്കര്‍ ജീവചരിത്രം’ എന്നിവ ഉദാഹരണങ്ങള്‍. 6000 പേജുവരുന്ന ഗുരുജി സാഹിത്യസര്‍വസ്വത്തിലെ രണ്ട് വാല്യങ്ങള്‍ കത്തുകളാണ്. ഇത് തയ്യാറാക്കാന്‍ ഗുരുജിയുടെ 20,000 കത്തുകള്‍ പരിശോധിച്ചു എന്നറിയുമ്പോഴാണ് ആ അക്ഷരദൗത്യം എത്ര ശ്രമകരമായിരുന്നുവെന്ന് മനസ്സിലാവുക. ‘ഭാരതീയ ദേശീയതാ കാ അനന്ത പ്രവാഹ്’ എന്നതാണ് ഏറ്റവും പുതിയ പുസ്തകം. പോര്‍ച്ചുഗീസ് വാഴ്ചക്കാലത്തെ കൊങ്കണി രാമായണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണിപ്പോള്‍.
ഹരിയേട്ടന്റെ ഏറെ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ഇതിനകം നിരവധി പതിപ്പുകളിറങ്ങിയ ‘ഇനി ഞാനുണരട്ടെ.’ ”ഹരിയേട്ടന് സദയം എനിക്ക് അയച്ചുതന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം, ‘ഇനി ഞാനുണരട്ടെ’ എന്റെ കയ്യിലിരിക്കുന്നു. സ്വച്ഛമായ പദധാര, ആത്മാര്‍ത്ഥമായ പ്രകാശനം” എന്നാണ് ഒ.വി. വിജയന് സാക്ഷ്യപ്പെടുത്തിയത്. ‘ഒ.വി. വിജയന്റെ കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ ഹരിയേട്ടനെ ദീര്‍ഘമായി ഉദ്ധരിച്ചതിനുശേഷം ജാതിവ്യവസ്ഥയുടെ അനീതികളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ‘സ്വയംസേവകന് അയ്യായിരം കൊല്ലം താമസിച്ചുപോയി’ എന്നു മാത്രമാണ് വിജയന് പറയാനുണ്ടായിരുന്നത്. ഭാരതത്തിന്റെ യുഗദീര്‍ഘമായ ചരിത്രത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെപ്പോലൊരു പ്രസ്ഥാനം വളരെ മുന്‍പേ ആരംഭിക്കേണ്ടതായിരുന്നു എന്നര്‍ത്ഥം.
‘ഗുരുജി സമഗ്ര’യും ജീവചരിത്രവുംഅഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരിക്കുമ്പോഴാണ് 12 വാല്യങ്ങളില്‍ ‘ഗുരുജി സമഗ്ര’ ഹരിയേട്ടന് ഹിന്ദിയില്‍ തയ്യാറാക്കിയത്. പിന്നീട് ഇത് മലയാളത്തിലേക്ക് ‘ശ്രീഗുരുജി സാഹിത്യ സര്‍വ്വസ്വം’ എന്ന പേരില്‍ മൊഴി മാറ്റുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം എഴുതിയതാണ് ‘ഗുരുജി ഗോള്‍വല്‍ക്കര്‍ ജീവചരിത്രം.’ ഈ രചന ഒരു നിയോഗമാണ്. നാരായണ്‍ ഹരിപാല്ക്കര് ഗുരുജിയുടെ ഒരു ജീവചരിത്രം എഴുതിയിരുന്നു. 1956 വരെയുള്ള കാര്യങ്ങളേ ഇതിലുണ്ടായിരുന്നുളളൂ. അവശേഷിക്കുന്ന 17 വര്‍ഷത്തെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കണമായിരുന്നു. ഗുരുജിയുടെ കത്തിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് നാഗ്പൂര്‍ സ്വദേശി ബാബു റാവു ചൗഥായിവാല ആയിരുന്നു. ചൗഥായിയുടെ അഭ്യര്‍ത്ഥന പ്രകാരം കേരളത്തില്‍നിന്നുള്ള വിവരങ്ങള്‍ ഹരിയേട്ടന് അയച്ചുകൊടുത്തു. എന്നാല്‍ അപ്രതീക്ഷിതമായി അടിയന്തരാവസ്ഥ വന്നതോടെ ഈ ശ്രമം നടക്കാതെ പോയി. ചൗഥായി വാല ദിവംഗതനുമായി.
ഗുരുജി ഗോള്‍വല്‍ക്കറെ അടുത്തറിഞ്ഞിട്ടുള്ളയാളാണ് ഹരിയേട്ടന്. സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലുമൊക്കെ ഗുരുജിയുടെ ജീവിതത്തിലെ മറ്റാര്‍ക്കുമറിയാത്ത സംഭവങ്ങള്‍ ഹരിയേട്ടന് പറയാനുണ്ടാവും. ഇതുകൊണ്ടുതന്നെ ജീവചരിത്രകാരനാവാനുള്ള യോഗ്യത മറ്റാരെക്കാളും ഹരിയേട്ടനുണ്ട്. ”ശ്രീഗുരുജിയുടെ സാഹിത്യസര്‍വ്വസ്വം സമാഹരണം ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ ഹൃദയാനന്ദം ഞാന്‍ ഈ ജീവചരിത്രം എഴുതിക്കഴിഞ്ഞപ്പോഴും അനുഭവിക്കുന്നു” എന്ന ഹരിയേട്ടന്റെ വാക്കുകളില്‍ എല്ലാം വ്യക്തം. ഗുരുജിയുടെ പ്രസംഗങ്ങളും മറ്റും സമാഹരിച്ച ‘വിചാരധാര’യുടെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചതും ഹരിയേട്ടന് പരിശോധിച്ചശേഷമാണ്. 2018 വരെയുള്ള 20 പുസ്തകങ്ങളുടെ സമാഹാരം ‘കുരുക്ഷേത്ര പ്രകാശന്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനിഷേധ്യമായ വസ്തുതകളും അതിശക്തമായ വാദഗതികളും നിറയുന്ന ‘എന്താണ് മതമൗലിക വാദം?’ എന്നതുപോലുള്ള നൂറുകണക്കിന് ലേഖനങ്ങള്‍ ഇനിയും സമാഹരിക്കാനുണ്ട്.
സംഘസാഹിത്യത്തിലെ സംഭാവനകള്ഇന്ന് സംഘസാഹിത്യം എന്ന് വിവക്ഷിക്കപ്പെടുന്ന വിജ്ഞാന ശേഖരത്തില്‍ ഹരിയേട്ടന്റെ സംഭാവന വളരെ വലുതാണ്. ഇത് സംഘത്തിന്റെ ആശയധാരയെ സമ്പുഷ്ടമാക്കുന്നു. ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്ഗേവാറിനെക്കുറിച്ചുള്ള കേശവ സംഘനിര്മാത, ഡോ. ഹെഡ്ഗേവാറിന്റെ തെരഞ്ഞെടുത്ത കത്തുകള്‍, ഡോക്ടര്‍ജിയുടെ കാല്‍പ്പാടുകള്‍, സംഘകാര്യ പദ്ധതിയുടെ വികാസം (വിവര്‍ത്തനങ്ങള്‍), പ്രചാരക് പാഥേയ്-ഗുരുജി ഗോള്‍വല്‍ക്കറുടെ തെരഞ്ഞെടുത്ത കത്തുകള്‍, ശ്രീഗുരുജി-ദൃഷ്ടി ഔര്‍ ദര്ശന്, കേശവാഷ്ടകം, അമ്മയുടെ കാല്ക്കല് (ഹിന്ദിയില്‍ മാം കേ ചരണോം പര്), ആര്‍എസ്എസും ഉണരുന്ന ഹിന്ദുത്വവും, വിചാരസരണി, കെ. ഭാസ്കര്‍ റാവു പ്രചാരക കര്‍മയോഗി, സ്മൃതി പാരിജാത്-ഗുരുജി കേരളത്തില്‍, അടിയന്തരാവസ്ഥയിലെ ഒളിവു രേഖകള്‍ (രണ്ട് ഭാഗങ്ങള്‍) തുടങ്ങിയവ ഇതില്‍പ്പെടുന്നു. ആധികാരികതയാണ് ഈ രചനകളുടെ മുഖമുദ്ര.
ഹിന്ദുത്വ-ദേശീയ ചിന്താധാരകളെ കേരളത്തിന് പരിചയപ്പെടുത്തുന്നതാണ് ഹരിയേട്ടന്റെ നിരവധി ഗ്രന്ഥങ്ങള്‍. യുവാക്കളോട്, ഇനി ഞാനുണരട്ടെ, വന്ദേമാതരത്തിന്റെ കഥ, രാഷ്ട്രവും സംസ്കാരവും, വോള്‍ഗ ഗംഗയിലേക്ക്, ഗോവയിലെ മതംമാറ്റം-കഥയും വ്യഥയും, ധര്‍മ് കി അവധാരണ, ധര്‍മ് ഔര്‍ സംസ്കൃതി, മതാന്തരണ്-പരിവര്‍ത്തന്‍ ഔര്‍ ആത്മസാക്ഷാത്കരണ്, വിവര്‍ത്തനങ്ങളായ ഉത്തിഷ്ഠ ഭാരത, രാഷ്ട്രചിന്തനം വേദങ്ങളില്‍, അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഹരിയേട്ടന്റെ ‘ഭഗവദ്ഗീതാ നിഘണ്ടു’ അത്യപൂര്‍വ രചനയാണ്. പഠിതാക്കള്‍ക്കു മാത്രമല്ല, പണ്ഡിതന്മാര്ക്കും അനുഗ്രഹമാകുന്ന വിശിഷ്ട ഗ്രന്ഥവുമാണിത്.
വ്യാസഭാരതത്തിലെ നേരറിവുകള്ഹരിയേട്ടന്റെ രചനാ ലോകത്തെ വ്യത്യസ്തമായ ഒരു ധാരയാണ് മഹാഭാരതത്തെ ഉപജീവിച്ചുള്ള കൃതികള്‍. മഹാഭാരതം പറയപ്പെടാത്ത നേരുകള്‍, വ്യാസഭാരതത്തിലെ കൃഷ്ണന്, വ്യാസഭാരതത്തിലെ കര്ണന്, വ്യാസഭാരതത്തിലെ ദ്രൗപദി എന്നിവയാണിത്. മഹാഭാരതത്തെക്കുറിച്ച് നൂറ്റാണ്ടുകളായി വാമൊഴിയായും വരമൊഴിയായും പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകളും കെട്ടുകഥകളും നീക്കുന്ന ഈ രചനകള്‍ വായനക്കാര്‍ക്ക് ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നു. പണ്ഡിതന്മാരെന്ന് കരുതപ്പെടുന്നവരുടെ മനസ്സില്‍പ്പോലും കടന്നുകൂടിയിട്ടുള്ള ആശയക്കുഴപ്പങ്ങളാണ് ഇവ നീക്കം ചെയ്യുന്നത്. സഭാമന്ദിരത്തിലെ സ്ഥലജല ഭ്രമം മൂലം ദുര്യോധനനു പറ്റിയ അമളിയില്‍ വ്യാസന്റെ ദ്രൗപദി പരിഹസിച്ച് പൊട്ടിച്ചിരിക്കുന്നില്ല, കുരുക്ഷേത്ര യുദ്ധത്തില്‍ ദുര്യോധനന്റെ മാറുപിളര്‍ന്ന് വൃകോദരന് ചോര കുടിക്കുന്നില്ല, ആ ചോരയില്‍ വിരല്‍ കുതിര്‍ത്ത് മുടി കോതി ദ്രൗപദി ശപഥം നിറവേറ്റുന്നില്ല… ഇങ്ങനെ മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ചൂഴ്ന്നുനില്ക്കുന്ന പല കഥയില്ലായ്മകളും ഹരിയേട്ടന്റെ മഹാഭാരത പര്യടനത്തിലൂടെ തിരുത്തപ്പെടുന്നു. ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച ഈ നാലു പുസ്തകങ്ങളും സമാഹരിച്ച് ബ്രഹദാഖ്യാനമായി വായനക്കാരില്‍ എത്തിക്കാനുള്ള ചിന്ത ചില കോണുകളിലുണ്ട്. വാല്മീകി രാമായണത്തിലെ അരുളും പൊരുളും എന്ന പുസ്തകം പേര് സൂചിപ്പിക്കുന്നതുപോലെ പ്രചുര പ്രചാരം നേടിയ പല കഥകളേയും നിരാകരിക്കുന്നു.
പണ്ഡിതന്മാരുടെ പണ്ഡിതന്പണ്ഡിതന് എന്ന പതിവ് വിശേഷണത്തില്‍ ഒതുങ്ങുന്നതല്ല ഹരിയേട്ടന്റെ ജ്ഞാന വ്യക്തിത്വം. അറിവിന്റെ മേഖലകളില്‍ അതുല്യരായി വിരാജിക്കുന്നവര്പോലും ആശയവ്യക്തതയ്ക്ക് ഹരിയേട്ടനെ സമീപിക്കുക പതിവാണ്. ആഗോളവല്ക്കരണക്കാലത്തെ സാംസ്കാരിക അധിനിവേശങ്ങളെ തുറന്നുകാട്ടുകയും, ബ്രേക്കിങ് ഇന്ത്യ, ബീയിങ് ഡിഫറന്റ്, ബാറ്റില്‍ ഫോര്‍ സാന്‍സ്ക്രിറ്റ്, ഇന്ദ്രാസ് നെറ്റ് മുതലായ ഈടുറ്റ കൃതികളിലൂടെ ഈ വിപത്തിനെ ചെറുക്കുകയും ചെയ്യുന്ന രാജീവ് മല്ഹോത്രയെപ്പോലുള്ളവരും ഇവരില്‍പ്പെടുന്നു. ഹരിയേട്ടനെ കാണാന്‍ മല്‍ഹോത്ര മാധവനിവാസിലെത്തുന്നു എന്ന വിവരമാണ് ഒരു ദിവസം ഈ ലേഖകന്‍ ലഭിച്ചത്. പുതിയ കാലത്തെ ജ്ഞാനവ്യവഹാരങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നയാളാണ് മല്‍ഹോത്ര. ഇങ്ങനെയൊരാള്‍ക്കും ഹരിയേട്ടനില്നിന്ന് പലതും അറിയാനുണ്ട്.
വിഷയങ്ങളെ ആഴത്തിലറിയുന്നു എന്നതിനു പുറമെ ഹരിയേട്ടന് ഇന്ഫര്മേറ്റീവുമാണ്. ഈ ലേഖകനടക്കം പങ്കെടുത്ത ഹൈദരാബാദിലെ ഒരു മീറ്റിങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഹരിയേട്ടന് തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുണ്ടായി. സുപ്രീംകോടതി അഭിഭാഷകനും ചാനല്‍ ചര്‍ച്ചകളില്‍ ദേശീയപക്ഷത്തെ പ്രതിനിധീകരിക്കുന്നയാളുമായ ദേശ് രത്തന്‍ നിഗം കാതലായ ഒരു ചോദ്യമുന്നയിച്ചു. ‘വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്നു പറഞ്ഞാണ് നമ്മുടെ ഭരണഘടന തുടങ്ങുന്നതെങ്കിലും അത് എത്രമാത്രം ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട് എന്നതായിരുന്നു ചോദ്യം. കൗതുകകരവും എന്നാല്‍ ഗൗരവമുള്ളതുമായിരുന്നു ഹരിയേട്ടന്റെ മറുപടി. ‘വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന വാചകം നാം അമേരിക്കന്‍ ഭരണഘടനയില്‍നിന്ന് കടംകൊണ്ടതാണ്. ഇതിലെ ‘പീപ്പിള്‍’ ജനങ്ങളല്ല, ഭരണഘടനയ്ക്ക് രൂപം നല്കിയവരാണ്. ഈ വിവരം ഹരിയേട്ടന് വെളിപ്പെടുത്തിയപ്പോള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം അത് തീര്‍ത്തും പുതിയ അറിവായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
കര്‍മയോഗവും ജ്ഞാനയോഗവും വ്യത്യസ്ത മാര്‍ഗങ്ങളാണെങ്കിലും രണ്ടും ചേരുന്ന യോഗ സംഗ്രഹമാണ് ഹരിയേട്ടന്റെ ജീവിതം. കാറ്റിലും കോളിലും ഉലയാതെ സംഘസാഗരത്തിലൂടെ സ്വച്ഛന്ദം സഞ്ചരിക്കുകയാണ് ഈ ജീവിതനൗക. നവതിയിലെത്തി നില്ക്കുന്ന ഈ വിജ്ഞാന വടവൃക്ഷത്തിന്റെ കുളിര്കാറ്റിലിളകുന്ന തളിരിലകള്‍ മന്ത്രിക്കുന്നത് കേള്‍ക്കാം-ജീവേമ ശരദഃശതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: