തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ കേരളത്തിലും കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി പ്രഖ്യാപിച്ച പ്രതിഷേധ സമരം പുലിവാല് പിടിച്ച രീതിയിലായി. ഇടത്, വലത് മുന്നണികള്‍ പ്രതിഷേധ സമരത്തിന് കച്ചകെട്ടിയപ്പോള്‍ 17ന് നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് സമസ്തയും യൂത്ത് ലീഗും പിന്മാറി. മുസ്ലിം വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സംസ്ഥാനത്ത് ഒരുമിച്ച് നിന്ന് പ്രതിഷേധ സമരങ്ങള്‍ക്ക് രംഗത്ത് ഇറങ്ങിയപ്പോഴാണ് മുസ്ലിം വിഭാഗത്തിലെ പ്രബല വിഭാഗം പിന്‍വാങ്ങിയത്.
മദനിക്കുവേണ്ടി മുതലക്കണ്ണീര് ഒഴുക്കിയ അതേ നിലപാടാണ് പൗരത്വ ബില്ലിനെ സംബന്ധിച്ചും ഇരു മുന്നണികളുടെയും പ്രതിഷേധ മത്സരം. 16നാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കൈകോര്‍ത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബില്ലിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഒരുമിച്ചുള്ള ഈ സമരത്തിനോട് സിപിഐക്ക് താത്പര്യം ഇല്ലെങ്കിലും പ്രതിപക്ഷ നോതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തോട് മുഖ്യമന്ത്രി പിണറായി വിജയന് സമ്മതം മൂളിയതിനാല്‍ കാനവും സമ്മതം അറിയിക്കാന്‍ നിര്‍ബന്ധിതനായി.
ഇപ്പോള്‍ കൈകോര്‍ത്ത് സമരം നടത്തുന്നുണ്ടെങ്കിലും കുറച്ച് നാള് പിന്നിടുമ്പോള്‍ സമരങ്ങളുടെ പിതൃത്വത്തെക്കുറിച്ച് ഇരുമുന്നണികളും തമ്മില്‍ മത്സരിക്കും. തങ്ങളാണ് മുസ്ലിം വിഭാഗത്തിനു വേണ്ടി വാദിച്ചു എന്ന പ്രതിഷേധ കണക്കുകള്‍ നിരത്തിയായിരിക്കും തര്‍ക്കം. ഇരുകൂട്ടരും ഒരുമിച്ച് സമരം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നതിനാല്‍ സമരത്തിന്റെ നേട്ടം മുഴുവന്‍ സിപിഎമ്മിന്റെ പക്കലാകുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ചെന്നിത്തല എടുത്തു ചാടി തീരുമാനം എടുത്തു എന്നാണ് ഇക്കൂട്ടരുടെ വാദം. ഇതിനെതിരെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഉമ്മന്‍ചാണ്ടിയെ സമീപിച്ചിട്ടുണ്ട്. യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിനോടു പോലും ആലോചിക്കാതെയാണ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷേധത്തിലേക്ക് ക്ഷണിച്ചത്.
പ്രതിഷേധസമരം എസ്ഡിപിഐയെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് വിലയിരുത്തല്‍. സമസ്ത വിഭാഗവും യൂത്ത് ലീഗും 17ന് നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പിന്മാറിയതോടെ എസ്ഡിപിഐയാണ് ഹര്‍ത്താലുമായി മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: