കോഴിക്കോട്: ജനകീയ ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാമിന്റെ പേരിൽ നടക്കുന്ന ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ന് കോഴിക്കോട് കൊടിയേറും. ഈസ്റ്റ്ഹിൽ വി.കെ കൃഷ്ണമേനോൻ മ്യൂസിയം തിയറ്ററിൽ വൈകിട്ട് അഞ്ച് മണിക്ക് പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവ്വഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായിരിക്കും.
നടന്മാരായ ടിനിടോം, സുധീഷ്, മണി (ഉടലാഴം), കൈലാഷ്, സംവിധായകരായ വി എം വിനു, വിധു വിൻസെന്റ്, ഉണ്ണികൃഷ്ണൻ ആവള എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് രാത്രി എട്ട് മണിക്ക് ജോൺ എബ്രഹാം സംവിധാനം ചെയ്ത “അമ്മ അറിയാൻ “പ്രദർശിപ്പിക്കും. രാവിലെ 9 മണി മുതൽ തിരഞ്ഞെടുത്ത ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. 11, 30ന് പ്രദർശന നഗരിയിൽ തന്നെയുള്ള രാജാവവിവർമ്മ ആർട് ഗാലറിയിൽ പ്രമുഖ ചിത്രകാരന്മാരായ മോഹനചന്ദ്രൻ, പവിത്രൻ എന്നിവരുടെ ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്രനടൻ കൈലാഷ് ഉദ്ഗാടനം ചെയ്യും. ചിത്രകാരന്മാരായ ജോൺസ് മാത്യു, സുനിൽ അശോകപുരം എന്നിവർ സംസാരിക്കും. പ്രമുഖ ആർക്കിടെക്ട് ജയൻ ബിലാത്തിക്കുളം ഒ. വി വിജയന്റെ ‘ധർമ്മപുരാണം’ നോവലിനെ അടിസ്ഥാനപ്പെടുത്തി വരച്ച ചിത്രങ്ങളുടെ ഉദ്ഘാടനം സിവിക് ചന്ദ്രൻ നിർവഹിക്കും. നാലുമണിക്ക് തമിഴ് സിനിമ ചരിത്രകാരൻ അജയ് ബാല നിർമ്മിച്ച “നൂറുവർഷത്തെ തമിഴ് സിനിമയുടെ ചരിത്രം” ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
രണ്ടാംദിവസമായ പതിനാലാം തീയതി 11 30ന് തിരകഥാകൃത്ത് ബിപിൻ ചന്ദ്രൻ ‘ജോൺ എബ്രഹാം വ്യക്തിയും സിനിമയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. രണ്ട് മണിക്ക് ജോൺ എബ്രഹാമിന്റെ അവസാന തിരക്കഥയായ ‘കയ്യൂർ’, ശ്രീപാർവ്വതി എഡിറ്റ് ചെയ്ത ‘നക്ഷത്രങ്ങളുടെ പുസ്തകം’, ജോയ് മാത്യുവിന്റെ ‘എതിർ പോക്ക്’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കപ്പെടും.
4.30 ന് സംവിധായകരായ സനൽകുമാർ ശശിധരൻ, വിധു വിൻസെന്റ്, ഉണ്ണികൃഷ്ണൻ ആവള എന്നിവരുമായി മുഖാമുഖം. 7.30 ന് ‘കോഴിക്കോടൻസ്’ മ്യൂസിക്കൽസിന്റെ സംഗീതനിശ ഉണ്ടായിരിക്കും. സമാപന ദിവസമായ15ന് രാവിലെ 11. 30 ന് ‘ജോൺ സിനിമയിലെ സംഗീതം’ എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ സംഗീതജ്ഞൻ ശ്രീ മുകുന്ദനുണ്ണി സംസാരിക്കും. രണ്ട് മണിക്ക് ‘സൗണ്ട് ആൻഡ് സിനിമ’ എന്ന വിഷയത്തിൽ പ്രശസ്ത സൗണ്ട് ഡിസൈനർ രംഗനാഥ് രവി പ്രഭാഷണം നടത്തും.
ആറ് മണിക്ക് സമാപന സമ്മേളനത്തിൽ എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത നിർവ്വഹിക്കും. പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. ജേതാക്കൾക്കുള്ള സമ്മാനദാനം സംവിധായകരായ ആഷിക് അബു നിർവഹിക്കും. പ്രിയനന്ദനൻ, ഷെറി ഗോവിന്ദ്, ഡോ. ബിജു, മനോജ് കാന തുടങ്ങിയ പ്രൊഫ. ശോഭീന്ദ്രൻ, നടൻമാരായ സുധീഷ്, മാമുക്കോയ, എന്നിവരും ഫെസ്റ്റിവൽ ഡയറക്ടർ മാധവൻ പിള്ളയും സംബന്ധിക്കും.
















