ന്യൂദല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, ആള്‍ ഇന്ത്യ മുസ്സിം വ്യക്തി നിയമ ബോര്‍ഡ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ അടക്കം സമര്‍പ്പിച്ച 1810 പുന: പരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിക്ക് തള്ളിയത്. വിഷയത്തില്‍ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചതാണെന്നും ഇപ്പോഴത്തെ ഹര്‍ജികളില്‍ പുതുതായി ഒന്നുമില്ലെന്നും കോടതി വലയിരുത്തി.
അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നാണ് അക്കാദമിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. എന്നാല്‍, ഇതെല്ലാം കോടതി ഇന്നു തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയുടെ ചേംബറാണ് ഹര്‍ജി പരിശോധിക്കുകയും തള്ളുകയും ചെയ്ത്. ഓപ്പണ്‍ കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
















