ന്യൂദല്‍ഹി : ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.എസ്. സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആറുമാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറണമെന്നും ജുഡീഷ്യല്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ തെലങ്കാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് അറിയിച്ചു. മനുഷ്യാവകാശ കമ്മീഷനും, ഹൈക്കോടതിയും കേസ് പരിഗണിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന.
ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ തെലങ്കാന സര്‍ക്കാര്‍ നിയമപരമായ നടപടി എടുത്താല്‍ സുപ്രീം കോടതി ഇടപെടില്ല. അല്ലെങ്കില്‍ ഇടപെടേണ്ടി വരും. ജനങ്ങള്‍ക്ക് സത്യം അറിയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
അതേസമയം തെളിവെടുപ്പിനിടെ പ്രതികള്‍ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസിനു നേരെ കല്ലെറിയാനും ശ്രമം നടത്തി. ഇതോടെയാണ് വെടിയുതിര്‍ത്തതെന്ന് തെലങ്കാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് വസ്തുതകള്‍ അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊല്ലപ്പെട്ട പ്രതികള്‍ പോലീസില്‍ നിന്ന് തോക്ക് തട്ടിയെടുക്കുകയും പോലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തുകയും ചെയ്തു. സ്വയം രക്ഷയ്‌ക്ക് വേണ്ടിയാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്നും മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു.
സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും ഹൈക്കോടതിയിലും മനുഷ്യവകാശ കമ്മീഷനും നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതികള്‍ക്ക് തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നും വെടിവെക്കാനുള്ള ശ്രമത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്നും ചോദിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നായിരുന്നു തെലങ്കാന സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്. കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്ന മറുപടിയും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ വിചാരണകള്‍ അപഹാസ്യമാകും. പോലീസ് വീഴ്‌ച്ചയെ കുറിച്ച് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ ആറിനാണ് വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച കൊന്നവര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജി.എസ്. മണി, പ്രദീപ് കുമാര്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയതാണ്.
















