തലശ്ശേരി: സ്വന്തം കാര്യം സംരക്ഷിച്ചതിന് ശേഷം അതേ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്ന നടപടികളാണ് പലപ്പോഴും ഐക്യരാഷ്‌ട്ര സംഘടന സ്വീകരിച്ചു വരുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊ. എസ്. ഉമാദേവി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മനുഷ്യാവകാശവും അര്‍ബ്ബന്‍ നക്‌സല്‍ വാദവും എന്ന വിഷയത്തില്‍ തലശ്ശേരിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
അമേരിക്കയുടേയും ബ്രിട്ടന്റേയും താല്‍പര്യ സംരക്ഷണത്തിനായി യുഎന്‍ രാഷ്‌ട്രങ്ങളെ പോലും മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇവര്‍ പല കാര്യങ്ങളും നിര്‍ദേശിക്കും. മറ്റുള്ളവര്‍ അത് നടപ്പിലാക്കും. പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ താല്‍ക്കാലിക പരിഹാരമല്ലാതെ ഒന്നിലും ശാശ്വത പരിഹാരം ഇവര്‍ നല്‍കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ ദിവസവും ഓരോ ദിനമായി ആചരിച്ചു വരുന്നുണ്ട്. ഇതില്‍ പുറത്ത് നിന്നുള്ള നിര്‍ദ്ദേശമായി എത്തിയ ഭാരതത്തിന്റെ യോഗാ ദിനത്തെ മാത്രമാണ് യുഎന്‍ അംഗീകരിച്ചത്. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളെല്ലാം തിരസ്‌കരിക്കുകയായിരുന്നുവെന്നും യോഗയിലും നുഴഞ്ഞു കയറ്റമുണ്ടാകുന്നുണ്ടെന്നും ഉമാദേവി പറഞ്ഞു.
സെമിനാറില്‍ പ്രമുഖ ചരിത്ര ഗവേഷകനായ ഡോ. ഇ. ബാലകൃഷ്ണന്‍ ‘അര്‍ബന്‍ നക്‌സല്‍ വാദം’ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.
















