ഹൈദരാബാദ്: മലയാളിയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറുമായ നയന്‍താര ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നു. നയന്‍താരയുടെ രാഷ്‌ട്രീയ പ്രവേശനത്തിന് ആക്കം കൂട്ടുന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില സംഭവവികാസങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് നയന്‍താരയുടെ ബിജെപി പ്രവേശനത്തിന് കാരണമായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്. വിജയ് ചിത്രം ബിഗിലിന്റെ വിജയത്തിനു ശേഷം ചിത്രത്തിലെ നായിക കൂടിയായ നയന്‍താര സംവിധായകനായ വിഗ്‌നേഷ് ശിവനൊപ്പം കന്യാകുമാരി അമ്മന്‍ ക്ഷേത്രത്തിലും തൃച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.
ഈ യാത്രയ്‌ക്കിടെയാണു ബിജെപി നേതാവും മുന്‍ എംപിയുമായ നരസിംഹനുമായി നയന്‍താര കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ സംബന്ധിച്ച നരംസിംഹനോട് ചോദിച്ചപ്പോള്‍ രാഷ്‌ട്രീയം ഉള്‍പ്പെടെ വിഷയങ്ങള്‍ സംസാരിച്ചെന്നും മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ആയിരുന്നില്ലെങ്കിലും നയന്‍താരയെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദില്‍ വെറ്റിനറി ഡോക്റ്ററെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ശക്തമായ നിയമങ്ങള്‍ നിര്‍മിച്ചുവെന്നും കൂടിക്കാഴ്ചയ്‌ക്കിടെ നയന്‍താര നരസിംഹനോട് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സ്ത്രീ ുസുരക്ഷ അടക്കം വിഷയങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന നയന്‍താര ബിജെപിയില്‍ ചേരണമെന്നും സൂപ്പര്‍സ്റ്റാര്‍ ആയ താരം നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ അതു കേള്‍ക്കാനുള്ള മനസ് കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, നരസിംഹന്റെ ക്ഷണം തള്ളുകയോ കൊള്ളുകയോ ചെയ്യാതെ പുഞ്ചിരി മാത്രമായിരുന്നു നയന്‍താരയുടെ മറുപടി എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.
















