വെല്ലിങ്ടണ്‍: ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളിലൊന്നായ ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് അഞ്ച് മരണം. 18 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന നിരവധി പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.11നായിരുന്നു പൊട്ടിത്തെറി. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. സ്‌ഫോടന സമയത്ത് നൂറുകണക്കിനാളുകള്‍ ഇവിടെയുണ്ടായിരുന്നതായി രക്ഷപെട്ടവര്‍ പറഞ്ഞു.
അഗ്നിപര്‍വതത്തിന് സമീപം തന്നെ അന്‍പതോളം ആള്‍ക്കാര്‍ ഉണ്ടായിരുന്നതായും പറയുന്നു. ഇവിടെ നിന്ന് 23 പേരെ രക്ഷിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷസ്ഥിതി മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെന്ന് പോലീസ് അറിയിച്ചു.
പ്രദേശം മുഴുവന്‍ ചാരവും പുകയും നിറഞ്ഞു. പട്ടാളവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം.
ഓസ്‌ട്രേലിയക്കാരും പ്രദേശത്ത് കുടുങ്ങിയതായി പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ ട്വീറ്റ് ചെയ്തു. അവരുടെ രക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും വിനോദ സഞ്ചാരികളാണ്.
സ്വകാര്യ ഉടമസ്ഥതയിലുള്ള വൈറ്റ് ഐലന്‍ഡ് നിലവില്‍ വിനോദസഞ്ചാര കേന്ദ്രമാണ്. ദിവസവും ആയിരക്കണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. വക്കാരി എന്നും ഈ അഗ്നിപര്‍വതം അറിയപ്പെടുന്നു.
















